മസ്‌കത്ത് : (gccnews.in)ഖസാഇന്‍ സിറ്റിയില്‍ പുതിയ പഴം, പച്ചക്കറി മൊത്തവ്യാപാര കേന്ദ്രങ്ങള്‍ തുറന്നു. ആധുനിക സൗകര്യങ്ങളോടെയാണ് മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ ഉടമസ്ഥതയിയുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനം ആരംഭിച്ചു.
സ്വകാര്യ മേഖലയില്‍ നിന്നുള്‍പ്പെടെ 50 ദശലക്ഷം റിയാല്‍ ചെലവിലാണ് ഖസാഇന്‍ സിറ്റി പദ്ധതി പൂര്‍ത്തീകരിച്ചത്. ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഭാഗമായ ഒമാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ആണ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.
പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ഒമാന്‍ വിപണില്‍ ലഭ്യമാക്കുന്നതിനൊപ്പം കയറ്റുമതി കേന്ദ്രമായി കൂടിയാണ് ഖസാഇന്‍ മാര്‍ക്കറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്.
അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പൂര്‍ണമായും ശീതീകരിച്ച മാര്‍ക്കറ്റ് രാജ്യത്തെ ജനസംഖ്യയില്‍ പകുതി പേരുടെയും മാര്‍ക്കറ്റ് ആവശ്യങ്ങളെ നിറവേറ്റാന്‍ സഹായിക്കും.
വിശാലമായ ട്രക്ക്, കാര്‍ പാര്‍ക്കിങ്, കോള്‍ഡ് സ്‌റ്റോറേജ്, വെയര്‍ഹൗസ്, കസ്റ്റംസ് കാര്‍ഷിക ലാബ് തുടങ്ങിയ സൗകര്യങ്ങളും സിറ്റിയുടെ പ്രത്യേകതയാണ്
ഇതോടനുബന്ധിച്ച് ഖസാഇനില്‍ ഫുഡ് സിറ്റിയും വരുന്നുണ്ട്. 10 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് വമ്പന്‍ ഫുഡ് സിറ്റി നിര്‍മിക്കുന്നത്.
ഭക്ഷ്യ പാക്കേജിങ്, വിതരണം, ഭക്ഷ്യ സംസ്‌കരണ കേന്ദ്രം എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഫുഡ് ഇന്‍ഡസ്ട്രീസ് സോണ്‍ ഇവിടെയുണ്ടാകും.
#operations #new #fruit #vegetable #market #khazaen #begins.