മസ്‌കത്ത് : ഒമാന്റെ തൊഴില്‍ നിയമങ്ങളില്‍ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ പ്രസവ അവധിയും ഇന്‍ഷുറന്‍സും ഈ മാസം 19 മുതല്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ, പൊതുമേഖലയിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമാണെന്നും സോഷ്യല്‍ പ്രൊട്ടക‌്ഷന്‍ ഫണ്ട് (എസ് പി എഫ്) അറിയിച്ചു.
താത്കാലിക കരാറുകള്‍, പരിശീലന കരാറുകള്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള കരാറുകളിലുള്ളവര്‍ക്കും പ്രസവ കാലയളവില്‍ 98 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും.
ഇത് സംബന്ധിച്ച് സോഷ്യല്‍ പ്രൊട്ടക‌്ഷന്‍ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവ് (നമ്പര്‍ R/10/2024) പുറത്തിറക്കിയരുന്നു.
കൊമേഴ്‌സ്യല്‍ റജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പരിരക്ഷ ലഭിക്കും. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, കര്‍ഷകത്തൊഴിലാളികള്‍, സമാനമായ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടാവില്ല.
സ്വയംതൊഴില്‍ ചെയ്യുന്ന ഒമാനികള്‍, ജിസിസിയില്‍ ജോലിചെയ്യുന്ന ഒമാനികള്‍, വിദേശത്ത് ജോലിചെയ്യുന്ന ഒമാനികള്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ലെന്ന് സോഷ്യല്‍ പ്രൊട്ടക‌്ഷന്‍ ഫണ്ടിലെ ബെനഫിറ്റ് ഡയറക്ടര്‍ ജനറല്‍ മാലിക് അല്‍ ഹരിതി വ്യക്തമാക്കി.
പ്രസവ സമയത്ത് ഭാര്യ മരിക്കുകയാണങ്കില്‍ കുട്ടിയുടെ സംരക്ഷണത്തിന് ഭര്‍ത്താവിന് ആനുകൂല്യം ലഭിക്കും. കുഞ്ഞുപിറന്നാല്‍ 98 ദിവസത്തെ പ്രസവാവധി ലഭിക്കും.
മാത്രമല്ല, കുഞ്ഞിനെ പരിചരിക്കാന്‍ ജോലിയുള്ള ഓരോ ദിവസവും ഒരു മണിക്കൂര്‍ വീതം ഇടവേളയും ലഭിക്കും. ശിശുപരിചരണത്തിന് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധിയും ലഭിക്കും.
#maternity #leave #insurance #omani #women #expats #soon