റിയാദ്: തുർക്കിയിലെ ബാൽക്കനിൽ നടന്ന ‘ജൂനിയർ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് 2024’ൽ മികച്ച നേട്ടങ്ങളുമായി സൗദി വിദ്യാർഥികൾ. കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റ്‌നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ)യിലെ അഞ്ച് വിദ്യാർഥികൾ അഞ്ച് വെള്ളിയും നാല് വെങ്കലവും നേടി.
വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ കഴിവുള്ള വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനും ഒളിമ്പ്യാഡ് സെഷനിൽ പങ്കെടുക്കാൻ അവരെ യോഗ്യരാക്കുന്നതിനും ഫൗണ്ടേഷൻ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് പുതിയ ആഗോള നേട്ടം.
ജൂൺ 25 മുതൽ 30 വരെയുള്ള കാലയളവിൽ നടന്ന ഒളിമ്പ്യാഡിൽ 22 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 130 വിദ്യാർഥികളാണ് പങ്കെടുത്തത്. രാജ്യത്തെ പ്രതിഭാധനരായ സ്ത്രീപുരുഷന്മാരുടെ തുടർച്ചയായ നേട്ടങ്ങളുടെ പരമ്പരയിലേക്ക് ഈ വിജയം കൂട്ടിച്ചേർക്കപ്പെടുന്നുവെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. അമാൽ അൽഹസ്സാ പറഞ്ഞു.
‘വിഷൻ 2030’ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ‘മൗഹിബ’യും അതിന്‍റെ തന്ത്രപ്രധാന പങ്കാളിയായ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള സംയുക്ത ശ്രമങ്ങളെ സ്ഥിരീകരിക്കുന്നതാണിതെന്നും ഡോ. അമാൽ പറഞ്ഞു.
രാജ്യത്തിെൻറ ഭാവി കെട്ടിപ്പടുക്കുന്നതിനും മാനുഷിക സമ്പത്ത് വർധിപ്പിക്കുന്നതിനും സംഭാവന നൽകുന്ന വിദ്യാർഥികളുടെ കഴിവുകളെയും അന്താരാഷ്ട്ര തലത്തിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചതിനെയും ഡോ. അൽഹസ്സാ പ്രശംസിച്ചു.
#saudi #won #five #medals #junior #balkan #mathematical #olympiad