മസ്‌കത്ത്: (gccnews.in) സലാല റോഡില്‍ അപകടങ്ങളൊഴിവാക്കാന്‍ പട്രോളിങ് ശക്തമാക്കി റോയല്‍ ഒമാന്‍ പൊലീസ്.
സലാലയിലേക്കുള്ള വഴികളിലും ദോഫാര്‍ ഗവര്‍ണറേറ്റിലും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗത്തിന്റെയുള്‍പ്പെടെ സേവനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിലടക്കം സേവനങ്ങള്‍ ലഭ്യമാക്കാന്‍ സുരക്ഷാ വിഭാഗങ്ങള്‍ തൊട്ടടുത്തുണ്ടാകും. അപകടങ്ങള്‍ കുറക്കാന്‍ സഞ്ചാരികള്‍ക്ക് ട്രാഫിക് ബോധവത്കരണവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങളുമായി മുഴുവന്‍ സമയവും രംഗത്തുണ്ട്. ഖരീഫ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് റോയല്‍ ഒമാന്‍ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നത്.
അപകടത്തിന് കാരണമാകുന്ന അമിത വേഗത, അശ്രദ്ധ തുടങ്ങി ഡ്രൈവര്‍മാരും യാത്രക്കാരും ആവര്‍ത്തിക്കുന്ന നിരവധി പ്രവര്‍ത്തികള്‍ ഒഴിവാക്കുന്നതിന് പരിശോധന നടത്തുകയാണ് അധികൃതര്‍.
ട്രാഫിക് നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദീര്‍ഘ സഞ്ചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന റോഡിന് സമീപത്ത് വിശ്രമ കേന്ദ്രങ്ങളും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദീര്‍ഘനേരം സഞ്ചരിക്കുന്നവര്‍ക്ക് ഇടയില്‍ വിശ്രമം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു.
#Police #intensified #patrolling #SalalaRoad #avoid #accidents