റിയാദ്: (gccnews.in) ജൂലൈ രണ്ട് (ചൊവ്വാഴ്ച) സൗദി സമയം 12.16 ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമാണെന്ന് അബ്ദുൽ റഹീം കേസിൽ ഇന്ത്യൻ എംബസി പ്രതിനിധിയായി ആദ്യകാലം മുതൽ ഇടപെടുന്ന മലയാളി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി.
റിയാദിലെ ക്രിമിനൽ കോടതിയിൽ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ജഡ്ജി ഒപ്പിട്ട സമയമാണത്.
അതോടെ നെഞ്ചിലേറ്റി നടന്ന ഒരു ഭാരം ഒലിച്ചുപോയി. ജീവിതത്തിൽ അതുപോലെയൊരു ദിവസത്തിലൂടെ കടന്നുപോയിട്ടില്ല. അന്ന് അതിരാവിലെ പ്രാർഥന കഴിഞ്ഞാണ് ഇറങ്ങിയത്. കേസിൽ അനുകൂല വിധിയുണ്ടാകണേ എന്നായിരുന്നു നാഥനോട് കേണപേക്ഷിച്ചത്.
കോടതിയിലെത്തിയപ്പോൾ വാദിഭാഗം വക്കീലെത്തിയിരുന്നില്ല. നിരാശയും ആശങ്കയും പെരുകിവന്നു. വാദിഭാഗം എത്തിയില്ലെങ്കിൽ ഇന്നും കേസ് മാറ്റിവെക്കും. പിന്നെ എന്നാണ് അത് സംഭവിക്കുക എന്നറിയില്ല.
കുടുംബം മാപ്പ് നൽകാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറുമോ എന്നും പലപ്പോഴും ഭയപ്പെട്ടു. ഒടുവിൽ വാദിഭാഗത്തിന്റെ പവർ അറ്റോണിയും കോടതി മുറ്റത്തെത്തി. അതൊരു ആശ്വാസക്കാഴ്ചയായിരുന്നു. കോടതി അനുവദിച്ച സമയത്ത് കേസ് വിളിച്ചു.
കോടതി ആവശ്യപ്പെട്ട രേഖകൾ എല്ലാം സമർപ്പിച്ചു. വിധി പറയുമ്പോൾ ഉച്ചയായി. ഞങ്ങളോടൊപ്പം പുറത്ത് വലിയൊരു ലോകവും ആ വിധിക്കായി പ്രാർഥനയോടെ കാത്തിരിപ്പുണ്ടല്ലോ അനുകൂലമാകാതിരിക്കില്ല എന്നൊരു ഉറപ്പുണ്ടായിരുന്നു.
ഉച്ചക്ക് 12.16 ആയപ്പോൾ വിധിയിൽ ചീഫ് ജസ്റ്റിസ് ഒപ്പുവെക്കുന്നതിന് നേർസാക്ഷിയാകാൻ ഭാഗ്യമുണ്ടായി. ഈ ഒരു മുഹൂർത്തത്തിന് വേണ്ടിയാണല്ലോ കാത്തിരുന്നത്.
അവിടെ നിന്നിറങ്ങി നാഥന് മുന്നിൽ നന്ദിയോടെ സുജൂദ് ചെയ്തു. ഇനി മോചനമല്ലേ അത് സാധ്യയുമായിക്കോളും എന്ന് മനസ്സിൽ പറഞ്ഞു. 2006 ഡിസംബറിലാണ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതൽ ഇന്ന് വരെ എംബസിയെ പ്രതിനിധീകരിച്ച് ഈ കേസിന്റെ കാര്യങ്ങളിൽ ഇടപെടുന്നുണ്ട്.
പല തവണയായി റഹീമിനെ ജയിലിൽ സന്ദർശിച്ചിട്ടുണ്ട്. അവന്റെ മുഖത്തെ സങ്കടം, അവൻ പറയുന്ന ഉള്ളുലക്കുന്ന വാക്കുകൾ ഒന്നും പലപ്പോഴും എന്റെ മനസ്സിന് താങ്ങാൻ കഴിഞ്ഞിരുന്നില്ല.
വിട്ടുവീഴ്ചക്ക് തയാറാകാതെ കുടുംബം കോടതിയിൽ വധശിക്ഷ വാങ്ങിക്കൊടുക്കാൻ കഠിനശ്രമങ്ങൾ നടത്തുന്നു എന്നറിയുന്ന ഞാൻ അവനോട് എന്താണ് മറുപടി പറയുക! എല്ലാം ശരിയാകും, നാഥനോട് മനമുരുകി പ്രാർഥിക്കുക എന്ന ആശ്വാസവാക്ക് കേട്ട് അവനും മടുപ്പുണ്ടായിട്ടുണ്ടാകും.
2014ലാണ് വധശിക്ഷയുടെ വിധിയുണ്ടാകുന്നത്. ഉടൻ അപ്പീൽ പോയി വിധശിക്ഷ റദ്ദ് ചെയ്തു. വൈകാതെ വാദിഭാഗം മേൽക്കോടതിയിൽ പോയി ഇളവ് തടഞ്ഞ് ഉത്തരവ് വാങ്ങി.
അതോടെ വീണ്ടും വഴി തടസ്സപ്പെട്ടു. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായുള്ള അനുരഞ്ജനത്തിന് പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശ്രമങ്ങൾ പരാജയപ്പെട്ടാലും ശ്രമിക്കുന്നതിൽ പരാജയം ഉണ്ടാകരുതെന്ന ലക്ഷ്യത്തിൽ തുടങ്ങിയ യാത്ര ഒടുവിൽ ഫലം കാണുകയായിരുന്നു.
ആത്മവിശ്വാസത്തോടെയുള്ള അനേകായിരങ്ങളുടെ പ്രാർഥനയും ഇന്ത്യൻ എംബസിയുടെ പിന്തുണയും സർവോപരി റിയാദ് പൊതുസമൂഹത്തിന്റെ ദൃഢനിശ്ചയവും കൂടിയായപ്പോൾ ചർച്ച വീണ്ടും സജീവമാക്കി. ഒടുവിൽ പൊറുതി മുട്ടിയപ്പോൾ നമ്മളെ കൊണ്ട് സമാഹരിക്കാൻ കഴിയില്ല എന്ന് കരുതി ഭീമമായ ഒരു തുക (ഒന്നര കോടി സൗദി റിയാൽ) അവർ ആവശ്യപ്പെട്ടു.
തയാറാണെങ്കിൽ നിശ്ചിത തീയതിക്കകം നൽകണമെന്നും പറഞ്ഞു കരാറുണ്ടാക്കി. ഇത്ര വലിയ തുക എവിടെ നിന്ന് ഉണ്ടാക്കുമെന്ന് സഹായസമിതി ചെയർമാൻ അഷ്റഫ് വേങ്ങാട്ട് എന്നോട് ചോദിച്ചു. നാട്ടുകാരോട് കൈനീട്ടിയെങ്കിലും പണമുണ്ടാക്കുകയല്ലാതെ ഇനി നമുക്ക് മുമ്പിൽ റഹീമിനെ രക്ഷിക്കാൻ വേറെ വഴിയില്ലെന്നും പറഞ്ഞു.
ആ കരാർ ഞങ്ങൾ ഒപ്പുവെക്കുകയായിരുന്നു. പിന്നീട് ഒരു നിമിഷം പാഴാക്കിയില്ല. എംബസി അനുവദിക്കുന്ന പരിമിതിയിൽനിന്ന് ഞാനും വിശാലമായി റിയാദ് പൊതുസമൂഹവും അതിലേക്ക് ഇറങ്ങിയപ്പോൾ ലോകം അവരോടൊപ്പം ചേർന്നു.
ഇതിനിടയിൽ വേദനിപ്പിക്കുന്ന അനുഭവങ്ങളും ആരോപണങ്ങളും ഏറെയുണ്ടായി അതിനൊന്നും മറുപടി പറയുന്നില്ല. വിശ്വാസിയായ ഞാൻ നാഥന്റെ കോടതിയിലേക്ക് ആ കേസ് കൈമാറിയിട്ടുണ്ട്.
വിധി അവിടെ നിന്നുണ്ടാകട്ടെ. റഹീമിന് മാപ്പ് കൊടുത്തുകൊണ്ട് ഗവർണറേറ്റിലെ അനുരഞ്ജന കമ്മിറ്റി മുമ്പാകെ വാദിഭാഗം അഭിഭാഷകൻ ഒപ്പിടാൻ ഉപയോഗിച്ച പേന ചോദിച്ചിരുന്നു.
അത് കിട്ടിയാൽ മലയാളികളുടെ നിശ്ചയദാർഢ്യത്തിന്റെ അടയാളമായി ഒരു അമൂല്യസ്മാരകമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ പിൻഗാമികൾക്ക് ആ പേനയും ചരിത്രവും ഞാൻ കൈമാറും -യൂസഫ് പറഞ്ഞുനിർത്തി.
#forget #moment #death #penalty #abolished #YusufKakancheri