ദോഹ: (gcc.truevisionnews.com) പ്രാദേശിക ഈത്തപ്പഴം പാകമായി സെൻട്രൽ മാർക്കറ്റിലെ വിപണികളിലെത്തിത്തുടങ്ങി.
ഏറെ ജനപ്രിയമായ ഖലാസ് ഈത്തപ്പഴത്തിന് കിലോ 70 റിയാലാണ് നിലവിലെ നിരക്ക്. ഷീഷി കിലോ 45 റിയാലും ഗുർറ കിലോ 40 റിയാലും നഗൽ കിലോ 15 റിയാലുമാണ് സെൻട്രൽ മാർക്കറ്റിലെ വില.
ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പ് സമയമായതിനാൽ അവിടെനിന്നുള്ള വിവിധ ഇനം ഈത്തപ്പഴവും വിപണിയിലെത്തിയിട്ടുണ്ട്. ഖലാസ് 40 റിയാലിനും അൽ ഖനീസി 30 റിയാലിനുമാണ് വിൽക്കുന്നത്.
ഖത്തരി ഫാമുകളിൽനിന്നുള്ള ഈത്തപ്പഴത്തിന്റെ പരിമിതമായ ലഭ്യതയാണ് പ്രാദേശിക ഈത്തപ്പഴത്തിന്റെ വില ഉയർന്നുനിൽക്കാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
സ്വദേശികൾക്ക് ഏറെ പ്രിയം നിറഞ്ഞതായതിനാൽ വിലക്കയറ്റത്തിലും ഇതിന് ആവശ്യക്കാരേറെയാണ്. ഈ മാസം അവസാനത്തോടെ പ്രാദേശിക ഇനങ്ങളുടെ വില കുറഞ്ഞേക്കും.
ഖലാസിന് 20 മുതൽ 15 റിയാൽ വരെയെത്തുമെന്നും ഷിഷി, ഖനീസി, ഗുർറ ഇനങ്ങൾക്കും ഗണ്യമായി വില കുറയുമെന്നും വ്യാപാരികൾ വ്യക്തമാക്കി.
ഖലാസ് ഈത്തപ്പഴത്തിനാണ് ആവശ്യക്കാർ കൂടുതൽ. ഷീഷിയും ഖനീസിയും ഗുർറയും ശേഷം വരുന്നു. റുതബ് അൽ നഗൽ ഇനത്തിൽപെടുന്ന ഈത്തപ്പഴത്തെ അധികവും ഇഷ്ടപ്പെടുന്നത് പ്രായമായവരാണ്.
#Regional #Dates #Market