ദുബായ്: (gccnews.in) തിരക്കേറിയ സ്ഥലങ്ങളിൽ സന്ദർശകരിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച നാലംഗ സംഘത്തെ ദുബായ് പൊലീസ് പിടികൂടി.
കാൽനടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ദുബായ് മാൾ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോക്കറ്റടി വർധിച്ചതിനെ തുടർന്നാണ് സിവിൽ വേഷത്തിൽ ദുബായ് പൊലീസുകാരുടെ സംഘത്തെ നിയോഗിച്ചത്.
സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ ജനക്കൂട്ടവുമായി ഇടപഴകാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും പൊലീസുകാരെ ചുമതലപ്പെടുത്തി. ഈ വർച്ച് മാർച്ച് ആറിന് 23, 28, 45, 54 വയസ്സ് പ്രായമുള്ള നാലംഗ സംഘം പിടിയിലായി.
ഈ സംഘം വളരെ സൂക്ഷ്മമായി മോഷണം ആസൂത്രണം ചെയ്തിരുന്നു. മാർച്ച് ആറാം തീയതി ദുബായ് മാളിലെ ഡാൻസിങ് ഫൗണ്ടൻ ഏരിയയാണ് അവർ ലക്ഷ്യമിട്ടത്.
ഫൗണ്ടൻ ഷോ കാണുന്നതായി നടിച്ച്, ഒരു അംഗം ഇരയെ നിരീക്ഷിക്കുകയും രണ്ട് പേർ ഇരയുടെ ശ്രദ്ധ തിരിക്കുകയും നാലാമൻ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തു.
പിന്നീട് ഇരയെ ആശയക്കുഴപ്പത്തിലാക്കാൻ അവർ വിവിധ ദിശകളിൽ മാറിനിന്നു. എന്നാൽ പ്രതികളെ പൊലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
വലിയ ഷോപ്പിങ് കേന്ദ്രങ്ങൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിക്കാൻ പ്രതികൾ സംഘം രൂപീകരിച്ചതായി ജഡ്ജിമാർ കണ്ടെത്തി.
ദുബായ് മാൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ പോക്കറ്റടി വർധിച്ച സാഹചര്യത്തിൽ രഹസ്യ സുരക്ഷാ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. മോഷണം നടന്ന ദിവസം രഹസ്യാന്വേഷണ വിഭാഗം പ്രതികളെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു. അവ നിരീക്ഷണ ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്.
ഫൂട്ടേജിൽ ഇരയുടെ ശ്രദ്ധ തിരിക്കാനും ഫോൺ മോഷ്ടിക്കാനും പ്രതികളായ പുരുഷന്മാർ ശ്രമിക്കുന്നതും പിന്നീട് തിരിച്ചറിയാതിരിക്കാൻ മാറിപോകുന്നതും കാണാം. അന്വേഷണ സമയത്തും റിമോട്ട് കമ്മ്യൂണിക്കേഷൻ വഴി നടന്ന കോടതി സെഷനുകളിലും പ്രതികൾ കുറ്റം നിഷേധിച്ചു.
എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഒരു മാസം വീതം തടവിന് ശിക്ഷിക്കുകയും അതിന് ശേഷം നാടുകടത്താൻ കോടതി ഉത്തരവിടുകയും ചെയ്തു.
#strategic #theft #crowded #places #Dubaicourt #ordered #deportation #four #membergroup