ദോഹ :(gcc.truevisionnews.com)ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു.
ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്.
യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതുസംബന്ധിച്ച ധാരണയിലെത്തി.
ഇത് നിലവിൽ വരുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും.
ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും.
ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്‍റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും.
ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വിപ്ലവം സൃഷ്ടിച്ച സംവിധാനമാണ് യുപിഐ. ഫോണ്‍ പേ അടക്കമുള്ള നിരവധി ആപ്ലിക്കേഷനുകള്‍ യുപിഐ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പ് യുഎഇയില്‍ യുപിഐ സേവനം നിലവില്‍ വന്നിരുന്നു. മിഡിലീസ്റ്റ് - ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് ഖത്തര്‍ നാഷനല്‍ ബാങ്ക്.
#upi #payment #facility #ready #qatar