ഷാർജ :(gcc.truevisionnews.com)വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 12.4% വളർച്ച രേഖപ്പെടുത്തി ഷാർജ രാജ്യാന്തര വിമാനത്താവളം. കഴിഞ്ഞ 6 മാസത്തിനിടെ 83 ലക്ഷം യാത്രക്കാരെയാണ് വിമാനത്താവളം സ്വീകരിച്ചത്.
52702 വിമാന സർവീസുകളും ഓപ്പറേറ്റ് ചെയ്തു. വിമാന സർവീസുകളുടെ എണ്ണത്തിലും 12.2 ശതമാനം വളർച്ചയുണ്ട്. 97000 ടൺ കാർഗോയും കൈകാര്യം ചെയ്തു.
കാർഗോ നീക്കത്തിൽ 40.7 ശതമാനം വളർച്ചയുണ്ടായി. ഷാർജ വിമാനത്താവളത്തെ വളർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടു തുടങ്ങിയതായി എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു.
യാത്രക്കാരുടെയും വ്യാപാര മേഖലയുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് ഏറ്റവും മികച്ച സേവനവും ആധുനിക സാങ്കേതിക വിദ്യകളുമാണ് എയർപോർട്ടിൽ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഷാർജയുടെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും ഷാർജ വിമാനത്താവളം നിർണായക പങ്കുവഹിക്കുന്നു.
സാമ്പത്തിക മേഖലയിൽ, വിനോദ സഞ്ചാര മേഖലയിൽ, ബിസിനസ് രംഗങ്ങളിൽ അനന്തസാധ്യതകളാണ് വിമാനത്താവളം തുറന്നിടുന്നത്. വിവിധ രാജ്യങ്ങളിലേക്കു പുതിയ വിമാന സർവീസ് തുടങ്ങിയും സർവീസുകളുടെ എണ്ണം വർധിപ്പിച്ചുമാണ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.
26 വിമാന കമ്പനികൾ വഴി ലോകമെമ്പാടുമുള്ള 100 സ്ഥലങ്ങളിലേക്ക് ഷാർജയിൽ നിന്നു വിമാന സർവീസുണ്ട്. ഇതിൽ കാർഗോവിമാനങ്ങളും ഉൾപ്പെടും.
ഗ്രീസിലേക്കും പോളണ്ടിലേക്കും അടുത്തിടെ തുടങ്ങിയ എയർ അറേബ്യ സർവീസ് ഉൾപ്പടെയാണിത്. ഗൾഫ് മേഖലയിലെ മികച്ച 5 എയർപോർട്ടുകളിൽ ഒന്ന് ആവുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഷാർജ.
ഇതിനായി ജീവനക്കാരും സാങ്കേതിക സംഘങ്ങളും 24 മണിക്കൂറും പ്രയത്നിക്കുകയാണ്. വർഷം 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്നതിന് വിമാനത്താവളത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. 2027ൽ എയർപോർട്ട് നവീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
#Jump #to #Sharjah #Airport #More #passengers #more #service