അബൂദബി: (gccnews.in) നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവും തരവും തിരിച്ചറിയുന്ന അത്യാധുനിക സ്മാർട്ട് ബിന്നുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച് അബൂദബിയിലെ മാലിന്യ നിർമാർജന വകുപ്പായ തദ് വീർ ഗ്രൂപ്.
സെൻസറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രാദേശികമായി നിർമിച്ചതാണ് ഈ സ്മാർട്ട് ബിന്നുകൾ.
ബിന്നുകൾ നൽകുന്ന ഡേറ്റ വിശകലനം ചെയ്ത് തദ് വീറിന് ഓരോ സ്ഥലത്തും നിറഞ്ഞുകവിഞ്ഞ മാലിന്യപ്പെട്ടികൾ എളുപ്പത്തിൽ തിരിച്ചറിയാനും ഇവയിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ചറിയാനും ഇവ നീക്കം ചെയ്യാനും സാധിക്കും.
അബൂദബിയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഈ സ്മാർട്ട് ബിന്നുകൾ തദ് വീർ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചുവരുന്നത്.
സ്മാർട്ട് ബിന്നിന് വ്യക്തിഗത ഉപയോക്താവിനെ തിരിച്ചറിയാനാകുമെന്നും ഇതിലൂടെ എപ്പോഴൊക്കെയാണ് ഒരാൾ മാലിന്യം നിക്ഷേപിക്കുന്നതെന്നും എന്തുതരം മാലിന്യമാണ്, എത്രമാത്രം മാലിന്യമാണ് നിക്ഷേപിക്കുന്നതെന്നുമൊക്കെ അറിയാനാകുമെന്നും തദ് വീർ ഗ്രൂപ്പിന്റെ മീഡിയ, കമ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ഒലി ലാവ്സൻ പറഞ്ഞു.
പേരും വിലാസവും അടക്കമുള്ള വിവരങ്ങൾ ഔദ്യോഗിക പോർട്ടലിൽ നൽകി താമസക്കാർ രജിസ്ട്രേഷൻ നടത്തുകയും അക്കൗണ്ട് സൃഷ്ടിക്കുകയും വേണം.
ഇതിനുശേഷം ബാർ കോഡ് സ്കാൻ ചെയ്ത് സ്മാർട്ട് ബിൻ തുറക്കുകയും മാലിന്യം അതിൽ നിക്ഷേപിക്കുകയും ചെയ്യണം. ഈ സമയം എന്തു മാലിന്യമാണ് നിക്ഷേപിച്ചതെന്നും അതിന്റെ അളവും മാലിന്യപ്പെട്ടി തിരിച്ചറിയും.
ഈ വിവരങ്ങൾ തദ് വീർ കേന്ദ്രത്തിൽ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം. ഇതിലൂടെ മാലിന്യപ്പെട്ടി നിറയുമ്പോൾ മാത്രം ഇത് ശേഖരിക്കാൻ ജീവനക്കാർ എത്തിയാൽ മതി എന്ന സാഹചര്യം ഉണ്ടാവും. അനാവശ്യമായി ട്രക്കുകൾ മാലിന്യം ശേഖരിക്കാൻ പോവുന്നതും ഒഴിവാക്കാൻ സാധിക്കും.
ജനസംഖ്യ വർധനയും മാലിന്യ നിക്ഷേപത്തിന്റെ വർധനയുമൊക്കെ കണക്കിലെടുത്താണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വില്ലകളിലും താമസ കേന്ദ്രങ്ങളിലുമൊക്കെ താമസിക്കുന്നവർ പുറന്തള്ളുന്ന മാലിന്യങ്ങളുടെ അളവും തരവുമൊക്കെ അധികൃതർക്ക് ഇതിലൂടെ തിരിച്ചറിയാനാവുകയും ചെയ്യും. ഇതുവരെ ഇതു തിരിച്ചറിയാനായിരുന്നില്ലെന്നും ഒലി ലാവ്സൻ പറഞ്ഞു.
ഇത്തരം ഡേറ്റകൾ വിശകലനം ചെയ്ത് പുതിയ മാലിന്യ നിർമാർജന പ്രക്രിയ അടക്കമുള്ളവ കൊണ്ടുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബിന്നുകളുടെ ഡേറ്റ വിശകലനം ചെയ്താവും മാലിന്യ ട്രക്കുകൾ ഏതു വഴിയാണ് എപ്പോഴൊക്കെയാണ് പോകേണ്ടതെന്ന് തദ് വീർ തീരുമാനിക്കുക.
#Garbagebins #smart #open #account #Tadweerportal #QRcode #dispose #waste