കുവൈത്ത് സിറ്റി: (gccnews.in) അബ്ബാസിയയിൽ ഫ്ലാറ്റിനുള്ളിൽ തീപടർന്നു മരിച്ച മലയാളി കുടുംബത്തിനു ഹൃദയം നുറുങ്ങുന്ന വേദനയോടെ വിടചൊല്ലി കുവൈത്തിലെ പ്രവാസി സമൂഹം.
മാത്യൂസ് വർഗീസ് മുളയ്ക്കൽ (42), ഭാര്യ ലിനി ഏലിയാമ്മ (38), മക്കളായ ഐറിൻ റേച്ചൽ മാത്യൂസ് (14), ഐസക് മാത്യൂസ് മുളയ്ക്കൽ (10) എന്നിവരുടെ ഭൗതിക ശരീരം കുവൈത്തിലെ സബാ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ച ഒന്നര മണിക്കൂറിൽ നൂറു കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിച്ചത്.
നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള എംബാമിങ് പൂർത്തിയാക്കിയ ശേഷമായിരുന്നു പൊതുദർശനം.
കുവൈത്ത് മാർത്തോമ്മാ പള്ളിയുടെ നേതൃത്വത്തിൽ മരണാനന്തര ശുശ്രൂഷകൾ നടന്നു.
സഹോദരി ഷീജ, അദാൻ ആശുപത്രിയിലെ സഹപ്രവർത്തകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ കുടുംബത്തിന് അന്ത്യാഞ്ജലി നേരാൻ എത്തിയിരുന്നു.
പൊതുദർശനത്തിനു ശേഷം കുവൈത്തിലെ ഇന്ത്യൻ എംബസി മൃതശരീരങ്ങൾ ഏറ്റെടുത്തു.
രാത്രി 10.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു സൂക്ഷിക്കുകയാണ്.
സംസ്കാരം 25ന് രാവിലെ 11നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ നടക്കും. അന്നു പുലർച്ചെ 3.30ന് ബന്ധുക്കൾ എത്തി ഏറ്റുവാങ്ങി വിലാപയാത്രയായി വീട്ടിലെത്തിക്കും.
#Kuwait #expatriate #community #tearfully #bid #farewell #perished #fire