(gcc.truevisionnews.com) അടക്കിപ്പിടിച്ച തേങ്ങലുകളായിരുന്നു തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ മോർച്ചറിക്കുമുന്നിൽ.
തളംകെട്ടിനിന്ന വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം മഴയും ഇടയ്ക്കിടെയെത്തി. കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച തലവടി നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യൂസ് വി. മുളയ്ക്കൽ, ഭാര്യ ലിനി, മക്കളായ ഐസക്, ഐറിൻ എന്നിവരെ അവസാനമായി ഒരുനോക്കുകാണാനെത്തിയവരുടെ തിരക്കായിരുന്നു ആശുപത്രിയിൽ.
സ്വന്തമെന്നു പറഞ്ഞു ചേർത്തുനിർത്തിയവരുടെ വേർപാട് കൂടിനിന്നവരുടെ ഉള്ളുലച്ചു. ഞാനൊന്നു കാണട്ടെ എന്റെ കുഞ്ഞുങ്ങളെ’ എന്നുപറഞ്ഞ് മാത്യൂസിന്റെ അമ്മ റെയ്ച്ചൽ വർഗീസ് വിങ്ങിപ്പൊട്ടുമ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ എല്ലാവരും നിസ്സഹായരായി.
അതുവരെ ഏറക്കുറെ നിർവികാരരായി ചുറ്റുപാടും കണ്ണോടിച്ചിരുന്ന ലിനിയുടെ അച്ഛൻ പി.കെ. എബ്രഹാമും അമ്മ ഡില്ലിയും ഏങ്ങിക്കരഞ്ഞു.
കണ്ടുകൊതിതീരാതെ വീണ്ടും വീണ്ടും ചുണ്ടിൽ വിരലുകൾചേർത്ത് മുത്തംനൽകിക്കൊണ്ടിരുന്നു. തീപ്പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു മാത്യൂസിന്റെ മുഖത്ത്.
ആശിച്ചുപണിത വീട്ടിൽ മതിയാവോളം താമസിക്കണം. സ്വന്തമായവരെല്ലാം അരികിൽ വേണം. പ്രതീക്ഷയോടെ തന്റെ മുന്നിലെത്തുന്നവർക്ക് വേണ്ടതെല്ലാം ചെയ്തുനൽകണം.
15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്കുവരാൻ കൊതിച്ചിരിക്കെ തേടിയെത്തിയ ദുരന്തത്തിൽ ബാക്കിയായത് മാത്യൂസ് കണ്ട സ്വപ്നങ്ങൾ മാത്രം.
#Let #me #see #my #children #Mother #Wingipotty #Mathews #Only #dreams #remain