ദുബായ് :(gcc.truevisionnews.com)കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ നികുതി കുറച്ചത് നേരിട്ടു പ്രതിഫലിക്കുക ദുബായിലെ സ്വർണവിപണിയിൽ. 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്കു നികുതി കുറച്ചതോടെ ഇന്ത്യയിലെയും ദുബായിലെയും സ്വർണവിലയിലെ അന്തരം കുറഞ്ഞു.
എങ്കിലും ഇന്ത്യയിലേതിനെക്കാൾ 5 ശതമാനം വരെ വിലക്കുറവിലായിരിക്കും ദുബായിൽ ലഭിക്കുക. എന്നാൽ, സ്വർണം വാങ്ങാൻ മാത്രമായി ദുബായിലേക്കു വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
യാത്രാ, താമസ ചെലവുകൾ കൂടി കണക്കാക്കുമ്പോൾ സ്വർണം വാങ്ങാൻ മാത്രമായി വരുന്നത് ലാഭകരമാകില്ല. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി രാജ്യം സന്ദർശിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാൻ ഇപ്പോഴും ദുബായ് വിപണി തന്നെയാണ് മികച്ച ഓപ്ഷൻ.
സന്ദർശക വീസയിൽ എത്തുന്നവർക്ക് നികുതിയില്ലാതെ സ്വർണം വാങ്ങാം എന്നതും ദുബായി വിപണിയുടെ നേട്ടമാണ്.എവിടെ നിന്നു സ്വർണം വാങ്ങിയാലും 5% മൂല്യ വർധിത നികുതി നൽകണം.
അതേസമയം, സന്ദർശക വീസയിൽ എത്തുന്നവർക്ക് ഈ നികുതി അവരുടെ മടക്കയാത്രയിൽ വിമാനത്താവളത്തിൽ നിന്നു തിരികെ ലഭിക്കും.
പാസ്പോർട്ട് തിരിച്ചറിയൽ രേഖയായി നൽകി സ്വർണം ബിൽ ചെയ്യണമെന്നു മാത്രം. കടകളിൽ നൽകുന്ന 5 ശതമാനം നികുതി വിമാനത്താവളത്തിൽ വാറ്റ് കൗണ്ടറുകളിൽ ബില്ല് കാണിച്ചാൽ തിരികെ ലഭിക്കും.
ഫലത്തിൽ ദുബായിൽ നിന്നു വാങ്ങുന്ന സ്വർണത്തിന് ഒരു രൂപ പോലും നികുതി നൽകേണ്ടിവരില്ല. ഇന്ത്യയിൽ 15 ശതമാനം നികുതിയുണ്ടായിരുന്നപ്പോൾ ആയിരക്കണക്കിന് ആളുകളാണ് സന്ദർശക വീസയിൽ യുഎഇയിൽ എത്തി സ്വർണം വാങ്ങി മടങ്ങിയിരുന്നത്.
അമേരിക്ക, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളരും ദുബായിൽ എത്തി സ്വർണം വാങ്ങിയിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി കുടുംബത്തോടെ ദുബായിൽ എത്തി സ്വർണം വാങ്ങിയിരുന്ന രീതിക്ക് ഇനി മാറ്റം വരുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ പ്രവചനം.
അതേസമയം, നികുതി കുറച്ചതിലൂടെ സ്വർണക്കള്ളക്കടത്തിന് കടിഞ്ഞാണിടാൻ കഴിയുമെന്നു വ്യാപാരികൾ പറയുന്നു. നിയമാനുസരണം വ്യാപാരം നടത്തുന്ന ജ്വല്ലറികൾക്ക് ഇത് ആശ്വാസമാകും.
കള്ളക്കടത്തുകാർ നിയന്ത്രിക്കുന്ന സമാന്തര സ്വർണ വിപണി ഇന്ത്യയിൽ ശക്തമാണ്. അംഗീകൃത ജ്വല്ലറികൾ നടക്കുന്ന അത്രയും വ്യാപാരം സമാന്തര വിപണിയിലും നടക്കുന്നുണ്ട്.
ഇതുവഴി കോടിക്കണക്കിനു രൂപയുടെ നികുതി നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്.വിദേശത്തു നിന്നു നികുതിയില്ലാതെ കടത്തിക്കൊണ്ടു വരുന്ന സ്വർണം കുറഞ്ഞ വിലയിലാണ് സമാന്തര വിപണിയിൽ ലഭിച്ചിരുന്നത്.
അംഗീകൃത ജ്വല്ലറികളിലെ സ്വർണത്തേക്കാൾ പവന് 6000 – 7000 രൂപവരെ വ്യത്യാസത്തിലായിരുന്നു സമാന്തര ജ്വല്ലറികൾ സ്വർണം വിറ്റിരുന്നത്.
15% നികുതി നൽകുന്നതിനാൽ അംഗീകൃത ജ്വല്ലറികൾക്ക് വിലയുടെ കാര്യത്തിൽ സമാന്തര വിപണിയുമായി ഏറ്റുമുട്ടാൻ പ്രയാസമായിരുന്നു.പുതിയ തീരുമാനത്തിലൂടെ കള്ളക്കടത്ത് ഇടപാടുകൾ കുറയുമെന്നും അംഗീകൃത ജ്വല്ലറികൾക്ക് ഇത് ഗുണകരമാകുമെന്നും ദുബായിലെ വ്യാപാരികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
നികുതി കുറച്ചതു വഴിയുള്ള വില വ്യത്യാസം ജനങ്ങൾ കണക്കിലെടുക്കുമെങ്കിലും സ്വർണ വ്യാപാരത്തിന്റെ ആഗോള തലസ്ഥാനമെന്ന ദുബായിയുടെ പദവി നഷ്ടപ്പെടില്ലെന്നു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
ഗുണനിലവാരം, ലോകോത്തര ഡിസൈനുകൾ എന്നിവയിൽ ഇപ്പോഴും ദുബായ് തന്നെയാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ സ്വർണത്തിന്റെ വിലക്കുറവ് എന്ന ആകർഷണത്തിനു നികുതി ഇളവിലൂടെ ഇടിവുണ്ടാകുമെങ്കിലും ആഗോള സ്വർണ ഹബ് എന്ന ദുബായിയുടെ സ്ഥാനത്തിന് ഇളക്കമുണ്ടാകില്ലെന്നു ജോയ് ആലുക്കാസ് എംഡി ജോൺ പോൾ പറഞ്ഞു.
#tax #cut #gold #directly #reflected #dubai #market #union #budget