ദോഹ :(gcc.truevisionnews.com)ഇരുപത് ബോയിങ് 777-9 വിമാനങ്ങള്‍ കൂടി വാങ്ങി ആകാശത്ത് കരുത്ത് കാണിക്കാൻ ഖത്തർ എയർവേയ്‌സ്.
ബ്രിട്ടനില്‍ നടക്കുന്ന ഫാന്‍ബറോ എയര്‍ഷോയില്‍ വെച്ചാണ് പുതിയ 20 വിമാനങ്ങള്‍ കൂടിവാങ്ങാൻ അമേരിക്കന്‍ വിമാനക്കമ്പനിയുമായി ഖത്തർ എയർവേയ്‌സ് ധാരണയിലെത്തിയത്.
ബോയിങ് 777X കുടുംബത്തില്‍ നിന്നുള്ള 777-9 വിമാനങ്ങളാണ് ഖത്തര്‍ വിമാനക്കമ്പനി വാങ്ങുന്നത്.
426 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങളാണിത്. 13492 കിലോമീറ്റര്‍ പറക്കാനുള്ള ശേഷിയുമുണ്ട്.
നേരത്തെ ബുക്ക് ചെയ്ത നാൽപത് 777- 9 വിമാനങ്ങളടക്കം 777X ശ്രേണിയിലുള്ള 94 യാത്രാ, കാര്‍ഗോ വിമാനങ്ങളാണ് പുതിയ കരാറോടെ ഖത്തര്‍ എയര്‍വേസ് നിരയിലുണ്ടാവുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദീര്‍ഘ ദൂര സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്യു സ്യൂട്ട് നെക്സ്റ്റ് ജെന്‍ എയർഷോയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ എയർ വെയ്‌സ് പുറത്തിറക്കിയിരുന്നു.
ബോയിങ് 777-9 വിമാനത്തിലാകും ഈ സൗകര്യം ആദ്യം ലഭ്യമാകുക ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ചലിക്കുന്ന മോണിറ്ററുകൾ, വിൻഡോ വ്യൂകളുള്ള കമ്പാനിയൻ സ്യൂട്ടുകൾ, ഇരട്ട കിടക്കകൾ, ലോക്ക് ചെയ്യാവുന്ന ഡ്രോയറുകൾ, ടച്ച്‌സ്‌ക്രീൻ പാസഞ്ചർ കൺട്രോൾ യൂണിറ്റുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ക്യു സ്യൂട്ട് നെക്സ്റ്റ് ജെന്‍.
എല്ലാ ഖത്തർ എയർവേയ്‌സ് യാത്രക്കാർക്കും മികച്ച സേവനങ്ങളും യാത്രാനുഭവവും ഉറപ്പ് വരുത്തുക എന്നതാണ് ഖത്തർ എയർവെയ്‌സ് ലക്ഷ്യം വെക്കുന്നതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, എൻജിനീയർ. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
ഖത്തർ എയർവേയ്‌സ് ഞങ്ങളുടെ വ്യവസായത്തിലെ ഒരു മികച്ച പങ്കാളിയാണെന്നും പുതിയ ഓർഡർ നൽകിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ബോയിങ് കൊമേഴ്‌സ്യൽ എയർപ്ലെയിൻസ് പ്രസിഡൻ്റും സിഇഒയുമായ സ്റ്റെഫാനി പോപ്പ് പറഞ്ഞു.
#qatar #airways- #buy #20 #more- #boeing #777-9s