ദോഹ: (gccnews.in) ചൂട് കൂടുന്ന സമയത്ത് വീടുകളിലും കെട്ടിടങ്ങളിലും അഗ്നിബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഖത്തർ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അതുകൊണ്ട്, തീപിടിത്ത സാധ്യത ഒഴിവാക്കാൻ വീടുകളിലും കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം.
അലാറം ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് തുടർച്ചയായി പരിശോധിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ഓപറേഷൻ ഡയറക്ടർ ലഫ്. കേണൽ അബ്ദുല്ല മുഹമ്മദ് അൽ ഹെയ്ൽ ജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വെസ്റ്റ് ബേയിലെ അൽ അബ്‌റാജ് ഏരിയയിൽ ബഹുനില പാർപ്പിട സമുച്ചയത്തിന് തീപിടിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഈ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും സമാന സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പെടുത്തി.
തീപിടിത്തുണ്ടായാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അഗ്നിരക്ഷാ സേനയെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
#burning #heat #Qatar #advises #careful #prevent #fires