ദോഹ : (gccnews.in) അറേബ്യൻ കാർഷിക സംസ്കാരത്തിന്‍റെ പാരമ്പര്യ വിളിച്ചറിയിക്കുന്ന ഈന്തപ്പഴങ്ങളുമായി ഖത്തറിൽ സംഘടിപ്പിച്ച ഈന്തപ്പഴമേള ശ്രദ്ധേയമാവുന്നു.
വിവിധതരം ഈന്തപ്പഴങ്ങളും ഈന്തപ്പഴ ഉൽപന്നങ്ങളും ഒരേ കുടക്കീഴിൽ ലഭിക്കുന്നു എന്നതാണ് ഈ മേളയെ ശ്രദ്ധേയമാക്കുന്നത്.
ഖത്തറിലെ നൂറിലേറെ പ്രാദേശിക തോട്ടങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങളാണ് സൂഖ് വാഖിഫിൽ നടക്കുന്ന മേളയിൽ പ്രദർശനത്തിനും വിൽപനയ്ക്കുമായി എത്തിയത്.
ശിഷി, സുക്കരി, ബർഹി, റാസിസ്, അൽ ഖലാസ്, അൽ ഖിനയ്‌സി, സഖായ്, ഹലാവി, മസാഫാത്തി, മദ്ജൂല്‍ തുടങ്ങി വിവിധ ഇനം ഈന്തപ്പഴം പ്രദർശനത്തിനും വിൽപനയ്ക്കുമായി എത്തിയിട്ടുണ്ട്.
ഈന്തപ്പഴങ്ങൾക്ക് പുറമേ ഈന്തപ്പഴത്തിന്‍റെ വ്യത്യസ്ത ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്, ഈന്തപ്പഴ അച്ചാറുകൾ, ഈന്തപ്പഴ പുഡിങ്, ഈന്തപ്പഴ ഐസ്ക്രീം, ഈന്തപ്പഴ ജ്യൂസ് തുടങ്ങിയ ഉൽപന്നങ്ങളുടെ വിൽപനയും പ്രദർശനവും മേളയിൽ നടക്കുന്നുണ്ട്.
ഇത്തരം ഉൽപന്നങ്ങൾക്ക് സന്ദർശകരിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് മേളയിൽ ഈന്തപ്പഴ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടത്തുന്ന ബ്രൂക്സ് കഫെ ഡയറക്ടർ ഫൈസൽ ഫില്ലി പറഞ്ഞു.
മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ മേളയിൽ സന്ദർശകരായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധ്യവേനൽ അവധിക്കാലമായിരുന്നിട്ട് പോലും ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് സ്വദേശികളും വിദേശികളുമാണ് ഈന്തപ്പഴം മേളക്കായി പ്രത്യേകമായി ഒരുക്കിയ ശീതീകരിച്ച ടെന്‍റിൽ എത്തുന്നത്.
പഴുത്തു തുടുത്ത ഈന്തപ്പഴങ്ങൾ സാധാരണ വിലയിൽ ലഭിക്കുന്നു എന്നതും ഈന്തപ്പഴം മേളയുടെ സവിശേഷതയാണ്.
പ്രാദേശിക ഫാമുകളെയും കർഷകരെയും പിന്തുണക്കുകയും വിഭവങ്ങൾക്ക് രാജ്യാന്തര വിപണി ലഭ്യമാക്കുകയും ലക്ഷ്യമിട്ട് നടത്തുന്ന മേള ഓരോ വർഷവും പതിനായിരങ്ങളെയാണ് ആകർഷിക്കുന്നത്.
ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി ഒൻപതുവരെയാണ് മേള. വെള്ളിയാഴ്ചകളിൽ രാത്രി പത്തു വരെ പ്രവേശനം അനുവദിക്കും.
ഖത്തറിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നതാണ് വർഷങ്ങളായി തുടരുന്ന മേളയെന്ന് സൂഖ് വാഖിഫ് ഡയറക്ർ മുഹമ്മദ് അബ്ദുല്ല അൽ സാലിം പറഞ്ഞു.
ശീതീകരിച്ച ടെന്‍റനുള്ളിൽ പ്രാദേശികമായ പങ്കാളിത്തം സജീവമാവുന്നതിനൊപ്പം വൈവിധ്യമാർന്ന ഈന്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും ഇത്തവണയുണ്ടെന്ന് സൂഖ് ഡയറക്ടർ അറിയിച്ചു.
പ്രാദേശിക കർഷകർക്കുള്ള പിന്തുണ എന്ന നിലയിലാണ് ഒൻപതാം വർഷവും മേള നടത്തുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം കാർഷിക വിഭാഗ ഡയറക്ടർ യൂസുഖ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.
കഴിഞ്ഞ തവണത്തെ ഫെസ്റ്റിവലില്‍ 103 ഫാമുകളാണ് പങ്കെടുത്തത്.
20 ലക്ഷം ഖത്തര്‍ റിയാലിന്‍റെ വില്‍പനയും നടന്നു സൂഖ് വാഖിഫിൽ നടക്കുന്ന ഈന്തപ്പഴ മേള ഓഗസ്റ്റ് മൂന്നു വരെ നീണ്ടു നിൽക്കും ഈ വർഷം 110–ൽ അധികം ഫാമുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
#datefair #Qatar #notable #dates #local #orchards #sale