മനാമ :(gcc.truevisionnews.com) ബഹ്‌റൈനിൽ ഹോട്ടലിൽ വിവാഹം നടത്താൻ ഏൽപ്പിച്ച ‘വെഡ്ഡിങ് കമ്പനി’ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ ലംഘനത്തിന് കേസ് നൽകിയ വധുവിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
കമ്പനിയുടെ പിടിപ്പുകേട് കാരണം തന്‍റെ വിവാഹ ദിനം തന്നെ അലങ്കോലമായി എന്നും കാര്യമായ സാമ്പത്തിക നഷ്ടം സംഭവിച്ചു എന്നതുമാണ് വധു കമ്പനിക്കെതിരെ കേസ് നൽകുന്നതിന് കാരണമായത്.
വിവാഹ ക്രമീകരണങ്ങളിൽ വൈദഗ്ധ്യം നേടിയ കമ്പനി എന്നവകാശപ്പെട്ട പ്രമുഖ വെഡ്ഡിങ് കമ്പനിയെയാണ് വിവാഹ ദിനത്തിലെ അലങ്കാരങ്ങൾക്കും,കാറ്ററിങ്, ഹോസ്റ്റസ്, ബ്രൈഡൽ സ്യൂട്ട്, വിവാഹ വേദി എന്നിവയുൾപ്പെടെ കാര്യങ്ങൾ ക്രമീകരിക്കുന്നതിന് വധുവിന്‍റെ വീട്ടുകാർ ഏൽപ്പിച്ചിരുന്നത്.
ഒരു ഹോട്ടലിൽ തന്‍റെ വിവാഹം നടത്താനാണ് വധു കമ്പനിയുമായി കരാറിൽ ഒപ്പുവച്ചത്. ഇതിന് മുൻകൂറായി അവർ സമ്മതിച്ച തുകയായ 8,000 ദിനാറും അധിക ഭക്ഷണത്തിനായി 920 ദിനാറും നൽകിയിരുന്നു.
എന്നാൽ കമ്പനി വിവാഹ വേദി ബുക്ക് ചെയ്തിട്ടില്ലെന്നും കരാർ വ്യവസ്ഥകൾ പൂർണമായും അവഗണിച്ചുവെന്നും വധു മനസിലാക്കി. തുടർന്ന് പ്രശ്നം പരിഹരിക്കാൻ കമ്പനി ഉടമയുമായും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, കമ്പനി ഉടമ കോളുകൾ പോലും അവഗണിക്കുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.
അതോടെ വിദേശത്ത് നിന്ന് എത്തിയ അതിഥികൾ അടക്കമുള്ളർ നിരാശരായി. സാമ്പത്തികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവപ്പെട്ട വധുവും ബന്ധുക്കളും അവസാന നിമിഷം ചെലവ് സ്വയം വഹിച്ച് ഒരു ബദൽ സംവിധാനം നടപ്പിലാക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് വെഡ്ഡിങ് കമ്പനിക്കെതിരെ വധു കേസ് ഫയൽ ചെയ്തത്. കേസ് പരിശോധിച്ച ശേഷം, കമ്പനി കരാർ ലംഘിച്ചുവെന്നും ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും കോടതി കണ്ടെത്തി.
കോടതിയിൽ ഹാജരാകുന്നതിൽ പരാജയപ്പെട്ട പ്രതി, അവരുടെ പ്രവർത്തനങ്ങൾക്ക് ന്യായീകരണമോ വിശദീകരണമോ പോലും നൽകിയില്ല.
തുടർന്ന് കോടതി വധുവിന് അനുകൂലമായി വിധിക്കുകയും, ക്ലെയിം തീയതി മുതൽ മുഴുവൻ തിരിച്ചടവ് വരെ 3% വാർഷിക പലിശയും സഹിതം 10,920 ദിനാർ വധുവിന് തിരികെ നൽകാൻ കമ്പനിയോട് ഉത്തരവിട്ടു.
കൂടാതെ വധുവിന്‍റെ നിയമപരമായ ഫീസും ചെലവും കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ വിവാഹങ്ങൾ അടക്കം നിരവധി വിവാഹങ്ങൾക്ക് അടുത്തിടെ വേദിയാകുന്ന ബഹ്‌റൈനിൽ നിരവധി ഈവന്‍റ് കമ്പനികളാണ് ഇപ്പോൾ വിവാഹ ആസൂത്രണ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.
#bride #sues #company #ruining #wedding