ബുറൈദ: (gcc.truevisionnews.com) ലോകത്തിലെ ഏറ്റവും വലിയ ബുറൈദ ഈത്തപ്പഴമേള ശ്രദ്ധേയമാകുന്നു. മേളയിലെ സൗദി യുവാക്കളുടെ പങ്കാളിത്തവും ശ്രദ്ധിക്കപ്പെടുന്നു.
ആഗസ്റ്റ് ഒന്നിന് ആരംഭിച്ച മേളയിൽ ധാരാളം യുവ സംരഭകർ ഈത്തപ്പഴ വ്യാപാരത്തിൽ സജീവമായി മേളയിലുടനീളം പങ്കെടുക്കുന്നുണ്ട്.
പ്രാദേശിക തോട്ടങ്ങളിൽനിന്ന് ഈത്തപ്പഴം ശേഖരിക്കാനും സംസ്കരിച്ച് വിപണിക്കു വേണ്ടി ഒരുക്കാനും യുവാക്കളാണ് കർഷകരുമായി കരാറിലേർപ്പെടുന്നത്.
പുലർച്ച നാലു മുതൽ രാവിലെ എട്ടു വരെ ഈത്തപ്പഴ ചന്തയിലെ ലേലം വിളികളിലും കച്ചവടത്തിലുമെല്ലാം യുവാക്കളുടെ സജീവ സാന്നിദ്ധ്യമാണ്. ബുറൈദ ഈത്തപ്പഴമേള സ്വയം സംരംഭകരായ യുവാക്കൾക്ക് വലിയ അവസരമാണ് പ്രദാനം ചെയ്യുന്നത്.
യുവ സംരംഭകർക്ക് സാമ്പത്തിക മികവിനുള്ള പ്രധാന അവസരം കൂടിയാണിത്. മേള രാജ്യത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയുടെ പ്രതീകമായി മാറിയിരിക്കുന്നു.
ആയിരക്കണക്കിന് പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബുറൈദയിലെ സാമ്പത്തിക മേഖലക്ക് കരുത്ത് നൽകുകയും ചെയ്യുന്നു. 51 ദിവസം നീണ്ടുനിൽക്കുന്ന മേള സന്ദർശിക്കാൻ രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നും ഇതര ഗൾഫ് നാടുകളിൽനിന്നും സന്ദർശകരെത്തുന്നുണ്ട്.
ബുറൈദ ഈത്തപ്പഴമേള സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. പ്രതിദിനം ടൺ കണക്കിന് ഈത്തപ്പഴമാണ് മേളയിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
3,90,000 ടണ്ണിലധികം ഈത്തപ്പഴമാണ് ഓരോ വർഷവും ഈ മേഖലയിൽനിന്ന് ഉൽപാദിപ്പിക്കുന്നത്. അൽ ഖസീം പ്രവിശ്യയിലെ 1.12 കോടിയിലധികം ഈന്തപ്പനകളിൽ നിന്നുള്ള ഉൽപന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നു.
മേളയോടനുബന്ധിച്ച് ഈ മാസം സാംസ്കാരിക, സാമൂഹിക, വിനോദ പരിപാടികൾ കൂടി അരങ്ങേറുമ്പോൾ സന്ദർശകരുടെ നല്ല ഒഴുക്കാവും പ്രകടമാകുക. 2023ൽ മേളയിലെ വിൽപന 250 കോടി റിയാൽ കവിഞ്ഞിരുന്നു.
ആഗോള ഈത്തപ്പഴ ഉൽപാദനത്തിന്റെ 25 ശതമാനവും സൗദിയിൽ നിന്നാണെന്നും അതിൽ നല്ല പങ്കും അൽ ഖസീം പ്രവിശ്യയിൽ നിന്നാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 50ലധികം ഈത്തപ്പഴ ഇനങ്ങൾ ഖസീമിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
ബുറൈദ ഈത്തപ്പഴമേള അൽ ഖസീം പ്രവിശ്യക്കും രാജ്യത്തിനും സാമ്പത്തിക ഉണർവ് നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. സൗദി ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് ഈന്തപ്പന കൃഷിയെ ശാക്തീകരിക്കുക എന്നത്.
അൽ ഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ബുറൈദ ഈത്തപ്പഴമേളക്ക് വേണ്ട എല്ലാവിധ പിന്തുണയും നൽകുന്നു. മേളയിൽ വിവിധ മേഖലയിൽ സൗദി യുവതികളുടെ പങ്കാളിത്തവുമുണ്ട്.
കരകൗശല വസ്തുക്കളുടെ പ്രദർശനം, ഗാർഹിക ഉൽപന്നങ്ങളുടെ വിപണനം, വിവിധ സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ ഓരോ വർഷവും പുതുമകൾ നിറഞ്ഞ ഒരുക്കങ്ങളോടെ നടക്കുന്ന മേള ഇതിനകം ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.
#Indigenous #youth #Buraida #datefair