ഷാർജ: (gcc.truevisionnews.com) കൽബ നഗരത്തിൽ സ്കൂൾ നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്കൂളിന്‍റെ മേൽക്കൂര നിലംപതിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് റെസ്‌പോൺസ് ടീമുകൾ ഉടൻ സ്ഥലത്തെത്തുകയും പരുക്കേറ്റ അറബ്, ഏഷ്യൻ പൗരൻമാർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തതായി കിഴക്കൻ മേഖലാ പൊലീസ് ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ ഡോ. അലി അൽ ഖമൂദി പറഞ്ഞു.
ചിലരുടെ പരുക്കുകൾ ഗുരുതരമാണ്. രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് മാറ്റി. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, കൽബ കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ, ക്രൈം സീൻ ടീം, നാഷനൽ ആംബുലൻസ്, കൽബ സിറ്റി മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ എല്ലാ പ്രത്യേക സംഘങ്ങളും സംഭവസ്ഥലത്ത് എത്തിയതായി പൊലീസ് അറിയിച്ചു.
അപകട കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഷാർജ പൊലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല
#School #roofcollapses #Sharjah #Two #workers #killed #three #injured