---
title: "#death | ഉനൈസയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു "
english_title: "#body #youth #founddead #residence #Unaisa #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235640/body-youth-founddead-residence-unaisa-brought-home"
published_at: "2024-09-14T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5aec563433_dea.jpg"
keywords: []
---

# #death | ഉനൈസയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു 

> **Lead Summary:** **ബുറൈദ: [** ആഗസ്​റ്റ്​ 24ന് ഉനൈസയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു.

## Article Content

**ബുറൈദ: [** ആഗസ്​റ്റ്​ 24ന് ഉനൈസയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു.

കിളിമാനൂർ, പുളിമാത്ത് പൊരുന്തമൺ വള്ളംവെട്ടിക്കോണം കുന്നിൽവീട്ടിൽ പരേതനായ രാഘവന്റെ മകൻ ബൈജുവിന്റെ (40) മൃതദേഹമാണ് കനിവ് ജീവകാരുണ്യ കൂട്ടായ്‌മയുടെ പ്രവർത്തനഫലമായി ശനിയാഴ്ച നാട്ടിലെത്തിയത്.

എട്ട് വർഷമായി ഉനൈസയിലെ മരുഭൂ വിശ്രമകേന്ദ്രത്തിൽ (ഇസ്‌തിറാഹ) ജോലിക്കാരനായിരുന്ന ബൈജുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ആത്മഹത്യയാണെന്നാണ്​ ഫോറൻസിക് പരിശോധന ഫലം. വെള്ളിയാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്​ കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി.

അവിടെനിന്ന് നോർക്കയുടെ ആംബുലൻസിൽ നാട്ടിലെത്തിച്ചു. കനിവ് ജീവകാരുണ്യവേദി അംഗം നൈസാം തൂലികയാണ് നടപടികൾ പൂർത്തീകരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് റിയാദ് ഇന്ത്യൻ എംബസിയാണ് വഹിച്ചത്​.

നാല് മാസം മുമ്പാണ് ബൈജു അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. അമ്മ ചെല്ലമ്മ. കുഞ്ഞുമോളാണ് ഭാര്യ. രാഹുൽ, രേഷ്മ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235640/body-youth-founddead-residence-unaisa-brought-home)