മനാമ: (gcc.truevisionnews.com)കിങ് ഫഹദ് കോസ്വേയിലുടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങളെന്ന് കണക്കുകൾ. അവധിദിനങ്ങളിൽ ഇത് 46,000 ആയി ഉയരും.
കസ്റ്റംസ് പ്രസിഡന്റും കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ) ബോർഡ് വൈസ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ ഹമദ് ആൽ ഖലീഫയും കിങ് ഫഹദ് കോസ്വേ അതോറിറ്റി സി.ഇ.ഒ യൂസഫ് ബിൻ ഇബ്രാഹിം അൽ അബ്ദാനും കഴിഞ്ഞദിവസം കിങ് ഫഹദ് കോസ്വേ സന്ദർശിച്ചിരുന്നു.
ഈ സന്ദർശനവേളയിലാണ് അധികൃതർ കണക്കുകൾ വ്യക്തമാക്കിയത്. സി.ഇ.ഒയുമായും മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ കസ്റ്റംസ് പ്രസിഡന്റ് സൗകര്യങ്ങൾ അവലോകനംചെയ്യുകയും കോസ്വേയുടെ ബഹ്റൈൻ ഭാഗത്തുള്ള കസ്റ്റംസ് വിഭാഗങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കുകയുംചെയ്തു.
യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ചരക്കുകളുടെ സുഗമമായ ചലനം ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങളും അദ്ദേഹം പരിശോധിച്ചു.
തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്നതിനും മറ്റുമുള്ള സമയം കുറഞ്ഞിട്ടുണ്ട്. ശരാശരി 46 മിനിറ്റാണ് ട്രക്കുകൾക്കായി എടുക്കുന്നത്.
പാസഞ്ചർ പ്രോസസിങ് ഏരിയകളുടെ വിപുലീകരണം മൂലം 50 ശതമാനം ശേഷി വർധിച്ചിട്ടുണ്ട്. മണിക്കൂറിൽ 2,500 വാഹനങ്ങളെ കൈകാര്യംചെയ്യാൻ ഇപ്പോൾ സാധിക്കും.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രവർത്തനങ്ങളിൽ വർധനയുണ്ടായി. കിങ് ഫഹദ് കോസ്വേ ജീവനക്കാരുടെ ശ്രമങ്ങൾക്ക് കസ്റ്റംസ് പ്രസിഡന്റ് അഭിനന്ദനം അറിയിച്ചു.
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും ജീവനക്കാരുടെ പങ്ക് അദ്ദേഹം ഊന്നിപ്പറയുകയുംചെയ്തു.
#39,000 #vehicles #pass #through #Saudi #causeway #daily #46,000 #holidays