അബുദാബി :(gcc.truevisionnews.com) യുഎഇയിൽ ചൂടിന്റെ കാഠിന്യം കുറഞ്ഞതോടെ ഡെസേർട്ട് സഫാരി സജീവമായി. മരുഭൂമിയുടെ വന്യസൗന്ദര്യം ആസ്വദിക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് മരുഭൂമിയിലെ ഡെസേർട്ട് ക്യാംപുകളിൽ എത്തുന്നത്.
മരുഭൂമിയുടെ മനസ്സറിഞ്ഞ ടൂർ ഓപറേറ്റർമാരോടൊപ്പമുള്ള യാത്രയാണ് സുരക്ഷിതം. പരിചയ സമ്പന്നരായ ഡ്രൈവർമാരോടൊപ്പം മണൽകൂനയിലേക്ക് കയറിയും കുത്തനെ ഇറങ്ങിയും യാത്ര ആസ്വദിക്കുന്നതാണ് പ്രധാന ആകർഷണം.
മണൽപാറിപ്പിച്ച് നിരനിരയായി മുന്നോട്ടുനീങ്ങുന്ന വാഹനങ്ങളുടെ നിര കാണാനും രസമുണ്ട്. മരുഭൂമിയിലെ ഉദയാസ്തമയവും സന്ദർശകർക്ക് പ്രത്യേക അനുഭൂതി പകരും. മണൽക്കൂനകളിലെ വ്യത്യസ്ത ഡിസൈനുകളും കൗതുകം പകരും.
വൈകിട്ട് 4ന് തുടങ്ങുന്ന യാത്ര അസ്മയ കാഴ്ചകൾ കണ്ട് രാത്രിയോടെ തിരിച്ചെത്തുന്നവരെ കാത്തിരിക്കുന്നത് ബെല്ലി ഡാൻസ് ഉൾപ്പെടെ ഇമ്പമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും.
വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് കൂടുതൽ പേർ എത്തുന്നതെന്ന് രണ്ടു പതിറ്റാണ്ടായി അബുദാബിയിൽ ഈ രംഗത്തുള്ള തൃശൂർ വടക്കേക്കാട് സ്വദേശിയും ഡെസേർട്ട് റോസ് ടൂർസ് എംഡിയുമായ എൻ.എച്ച്. അൻഷാർ പറഞ്ഞു.
പ്രവൃത്തി ദിനങ്ങളിലും വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നുണ്ട്. ഓഫ് സീസണിൽ നിരക്ക് കുറവായതിനാൽ ചൂട് കാലത്തും ശരാശരി സന്ദർശകർ ക്യാംപിൽ എത്താറുണ്ടെന്ന് അൻഷാർ പറഞ്ഞു.
മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ കൂട്ടായ്മകളുടെ ഒത്തുചേരലും വാർഷിക പരിപാടികളുമൊക്കെ വ്യത്യസ്തമാക്കാൻ തിരഞ്ഞെടുക്കുന്നതും മരുഭൂ യാത്രയാണെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു.
തുറസ്സായ സ്ഥലങ്ങളിൽ പ്രകൃതിയോട് ഇണങ്ങിയുള്ള ആഘോഷം കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആവേശം പകരും. എസ്.യു.വി (ഫോർവീൽ) വാഹനങ്ങളുള്ളവരും മരുഭൂ ഡ്രൈവിങിൽ പരിചയമുള്ളവരും സുഹൃത്തുക്കൾക്കൊപ്പം പോകുന്നുണ്ട്.
എന്നാൽ മണൽക്കൂനയിലോ മറ്റോ വാഹനം അകപ്പെട്ടാൽ രക്ഷപ്പെടാനുള്ള ബുദ്ധിമുട്ടും ദിക്കറിയാതെ മരുഭൂമയിൽ കുടുങ്ങാനും സാധ്യതയും കണക്കിലെടുക്കുമ്പോൾ ചെലവ് അൽപം കൂടിയാലും ടൂർ ഓപറേറ്റർമാരോടൊപ്പമുള്ള സുരക്ഷിത യാത്രയ്ക്കാണ് കൂടുതൽ പേരും താൽപര്യപ്പെടുന്നത്.
ക്വാഡ് ബൈക്കുകളിലെ സാഹസിക യാത്രയും ഒട്ടക, കുതിര സവാരിയും ഇതിന്റെ ഭാഗമാണ്.
ബെല്ലി ഡാൻസ്, വിഭവസമൃദ്ധമായ ഭക്ഷണം, ഒട്ടക സവാരി, മൈലാഞ്ചിയിടൽ എന്നിവയടക്കമുള്ള പാക്കേജിന് 80 മുതൽ 300 ദിർഹം വരെ ഈടാക്കുന്നവരുണ്ട്.
#heat #decreases #Desert #Safari #getting #busy