യാംബു: (gcc.truevisionnews.com)സൗദിയിലെ മരുഭൂവത്കരണത്തെ ചെറുക്കാനും രാജ്യത്തെ പാരിസ്ഥിതിക സുസ്ഥിരതയെ ശക്തിപ്പെടുത്താനുമുള്ള ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്’ പദ്ധതിക്ക് കീഴിൽ ഇതുവരെ നട്ടുപിടിപ്പിച്ചത് ഒമ്പതരക്കോടി വൃക്ഷങ്ങൾ.
നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ രാജ്യത്തുടനീളം 2021 മുതലാണ് ഇത്രയധികം മരങ്ങൾ വെച്ചുപിടിപ്പിച്ചത്.
തരിശായിക്കിടന്ന 1,11,000 ഹെക്ടർ ഭൂമി ഹരിതാഭമാക്കി പുനരധിവസിപ്പിച്ചു. 43 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുത്ത് അവിടെയും മരങ്ങൾ നട്ടുപിടിപ്പിച്ചു.
സ്വാഭാവിക സസ്യങ്ങളുടെ പുനരുജ്ജീവനത്തിനായി 71 ലക്ഷം പ്രവർത്തന പരിപാടികൾ പൂർത്തിയാക്കി. 2021-ൽ സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ആരംഭിച്ചതിനുശേഷം നടപ്പായ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലിലാണ് കണക്കുകൾ അധികൃതർ പുറത്തുവിട്ടത്.
സർക്കാർ, സ്വകാര്യ, സന്നദ്ധ സ്ഥാപനങ്ങളുടെ കൂട്ടായ സഹകരണത്തോടെയാണ് പദ്ധതി വിജയിപ്പിക്കാനായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിവിധ മേഖലകളിൽനിന്നുള്ള 121 വകുപ്പുകളോ സ്ഥാപനങ്ങളോ വ്യക്തികളോ ഹരിതവത്ക്കരണ പദ്ധതിയിൽ പങ്കാളികളായി.
രാജ്യത്തെ ഹരിതവത്കരിക്കുന്നതിലൂടെ വ്യവസായികമായ കാർബൺ ബഹിർഗമനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറക്കാനും രാജ്യത്തെ താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സാധിക്കുന്നുണ്ട്.
#combating #desertification #Nine #and #half #million #trees #planted #Saudi