ദോഹ: (gcc.truevisionnews.com)ഖത്തർ ചേംബറിന്റെ ചില സേവനങ്ങളിൽ നടപ്പാക്കുന്ന ഫീസ് ഇളവ് ഇന്നുമുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽ ഥാനി അറിയിച്ചു.
2024ലെ മന്ത്രിസഭ 19ാം തീരുമാന പ്രകാരമാണ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി അംഗീകാരം നൽകുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
സേവനങ്ങളിലെ ഫീസ് ഇളവ് ഖത്തരി കമ്പനികളുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാനും പുതിയ ബിസിനസുകൾ സ്ഥാപിക്കാനും വിവിധ മേഖലകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ശൈഖ് ഖലീഫ ബിൻ ജാസിം ആൽ ഥാനി പ്രത്യാശ പ്രകടിപ്പിച്ചു.
മന്ത്രിസഭ തീരുമാന പ്രകാരം കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഷെയർഹോൾഡിങ് കമ്പനികൾ, ഹോൾഡിങ് കമ്പനികൾ, വിദേശ കമ്പനികൾ എന്നിവർക്കുള്ള ചേംബറിന്റെ വാർഷിക അംഗത്വ ഫീസ് 50 ശതമാനം കുറച്ച് 5000 റിയാലായി കുറയും.
ക്ലിപ്ത ബാധ്യതാ കമ്പനികൾ, പൊതു പങ്കാളിത്ത കമ്പനികൾ, പങ്കാളിത്ത കമ്പനികൾ, ജോയന്റ് വെൻച്വർ കമ്പനികൾ, ഷെയറുകളാൽ പരിമിതപ്പെടുത്തിയിരിക്കുന്ന പാർട്ട്ണർഷിപ്പുകൾ എന്നിവക്ക് കമ്പനിയുടെ മൂലധനമോ പ്രവർത്തനത്തിന്റെ തരമോ പരിഗണിക്കാതെ വാർഷിക അംഗത്വ ഫീസ് 500 റിയാലായി നിശ്ചയിച്ചു.
കമേഴ്സ്യൽ ഇൻവോയ്സിന് 50 റിയാലും ഒറിജിൻ സർട്ടിഫിക്കറ്റിന് 50 റിയാലും സിഗ്നേച്ചർ അറ്റസ്റ്റേഷന് 50 റിയാലും ഡ്യൂപ്ലിക്കേറ്റ് പകർപ്പിന് 10 റിയാലുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം ആർബിട്രേഷൻ അഭ്യർഥനക്കുള്ള ഫീസ് തർക്ക മൂല്യത്തിന്റെ ആയിരത്തിലൊന്ന് അല്ലെങ്കിൽ 0.001 ശതമാനം ആയിരിക്കും. അതേസമയം, ഈ വിഭാഗത്തിൽ മിനിമം ഫീസ് രണ്ടായിരം റിയാൽ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
#Qatar #Chamber #Fee #Exemption #Effective #From #Today