ജിദ്ദ: (gcc.truevisionnews.com) ടിഷ്യൂ പേപ്പറാണെന്ന വ്യാജേന പുകയില ഉൽപന്നങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ.
ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി രാജ്യത്തേക്ക് കടത്തിയ കണ്ടെയ്നറിലെ ചരക്ക് യഥാർഥത്തിൽ എന്താണെന്ന് തിരിച്ചറിഞ്ഞ് തട്ടിപ്പിലുൾപ്പെട്ട ഒരു സൗദി പൗരനെയും രണ്ട് യമനി പൗരന്മാരെയും അറസ്റ്റ് ചെയ്തെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു. കസ്റ്റംസ് തീരുവ തട്ടിപ്പിനാണ് അറസ്റ്റ്.
തുറമുഖത്തുനിന്ന് പുറത്തെത്തിയ കണ്ടെയ്നറിന്മേൽ സംശയം തോന്നിയ നസഹ അതോറിറ്റിയുടെ സംഘം പിന്തുടർന്നാണ് പിടികൂടിയത്. ട്രക്കിൽ കണ്ടെയ്നർ ജിദ്ദയിലെ വെയർഹൗസിലെത്തിച്ച് സാധനങ്ങൾ ഇറക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
അബ്ദുൽ മാലിക് അഹ്മദ് ഖാഇദ്, അബ്ദുല്ല അബ്ദു ഖാസിം എന്നീ യമനി പൗരന്മാരാണ് കണ്ടെയ്നർ എത്തിച്ചത്. ഇവരെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ 72,00,000 റിയാലിന്റെ കസ്റ്റംസ് തീരുവ വെട്ടിച്ചെന്നും പ്രതിഫലമായി 14,99,000 റിയാൽ മുഹമ്മദ് ഗാസി മുഹമ്മദ് അൽ സയ്യിദ് എന്ന സൗദി പൗരൻ അവർക്ക് കൈമാറിയെന്നും കണ്ടെത്തി.
വിശദ പരിശോധനയിൽ യമനി അബ്ദുൽ മാലിക്കിന്റെ നിർദേശപ്രകാരം റിയാദിലേക്കും കിഴക്കൻ പ്രവിശ്യയിലേക്കും കൊണ്ടുപോകുന്നതിനായി എത്തിച്ച അജ്ഞാത ഉറവിടത്തിൽനിന്നുള്ള അനധികൃത പുകയില ഉൽപന്നങ്ങൾ വൻതോതിൽ കണ്ടെത്തി.
സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ജിദ്ദ ഗവർണറേറ്റ് സെക്രട്ടേറിയറ്റ്, ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവയുടെ ഏകോപനത്തോടെ നടത്തിയ നീക്കത്തിൽ അറസ്റ്റിലായ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
#Importation #counterfeit #tobacco #products #namely #tissuepaper #Three #people #arrested