മസ്കത്ത്: (gcc.truevisionnews.com) ഒമാനിലെ കാർഷിക വിഭവങ്ങളുടെ ഒന്നാം വിളവെടുപ്പ് ആരംഭിച്ചതോടെ ഒമാൻ പച്ചക്കറികളുടെ വിലയും കുറയാൻ തുടങ്ങി.
പൊതുവെ ഈ വർഷം നല്ല വിളയാണെന്നാണ് കാർഷിക മേഖലയിലുള്ളവർ പറയുന്നത്.
എന്നാൽ, ഒമാൻ തക്കാളി ജനുവരി പകുതിയോടെ മാത്രമാണ് വിപണിയിലെത്തുക. ഇപ്പോൾ തക്കാളി മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ തക്കാളി വില ഒരു മാസം കൂടി ഉയർന്നു തന്നെ നിൽക്കും.
ജനുവരി പകുതിയോടെയാണ് രണ്ടാം വിളവെടുപ്പ് ആരംഭിക്കുക. ഇതോടെ പച്ചക്കറികളുടെ വില വീണ്ടും കുറയും.
നിലവിൽ കാബേജ്, ചുവന്ന കാബേജ്, കോളി ഫ്ലവർ, കാപ്സിക്കം, വഴുതന, കൂസ, ബ്രിങ്കോളി, ബീൻസ്, നീണ്ട ബീൻസ്, പാവക്ക, റാഡിഷ്, കുമ്പളം, മത്തങ്ങ, കദ്ദു, ചോളം, ബീറ്റ്റൂട്ട്, പച്ചമുളക് തുടങ്ങിയ എല്ലാ പച്ചക്കറി വിഭവങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.
ഒമാൻ പച്ചക്കറികൾ വിപണിയിലെത്തുന്നതോടെ ഒമാനിലെ താമസക്കാർക്കും പൗരന്മാർക്കും ജീവിതച്ചെലവ് കുറക്കാൻ കാരണമാവും.
ഈ വർഷം മുൻ വർഷത്തെക്കാൾ ഒമാൻ പച്ചക്കറിയുടെ വില കുറയുമെന്ന് സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ജനുവരി മധ്യത്തോടെ ഒമാന്റെ എല്ലാ പച്ചക്കറി വിഭവങ്ങളും വിപണിയിൽ സുലഭമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോർഡൻ അടക്കമുള്ള രാജ്യങ്ങളുടെ തക്കാളിയാണ് ഇപ്പോൾ വിപണിയിലുള്ളത്. മറ്റ് രാജ്യങ്ങളിൽനിന്ന് എത്തിക്കുന്ന തക്കാളിക്ക് വിലയും കൂടുതലാണ്. പൊതുവെ ചരക്ക് കടത്ത് കൂലി വർധിച്ചതിനാൽ ലോകാടിസ്ഥാനത്തിൽ തന്നെ എല്ലാ ഉൽപ്പന്നങ്ങളുടെയും വില വർധിച്ചിട്ടുണ്ട്.
#Oman #vegetables #market #price #last #year #SuhoolAlFaihaManagingDirector #Abdul Wahid