ദുബായ്: വെയിൽ കനത്താലും തണുപ്പു കൂടിയാലും പേടിക്കേണ്ട, ബസ് കാത്തുനിൽക്കാൻ ഏറ്റവും മികച്ച 762 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ കൂടി ആർടിഎ നിർമിക്കും.
ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാകും. കഴിഞ്ഞ വർഷം അവസാനത്തോടെ 153 ബസ് സ്റ്റോപ്പുകൾ നിർമിച്ചിരുന്നു. പുതിയ ബസ് സ്റ്റോപ്പുകൾക്കായി 7.7 കോടി ദിർഹമാണ് ആർടിഎ വകയിരുത്തിയത്.
പൂർണമായും ശീതീകരിച്ച ബസ് സ്റ്റോപ്പുകളാണ് പുതിയതായി നിർമിക്കുന്നത്. യാത്രക്കാരുടെ എണ്ണം അനുസരിച്ചു മേഖല തിരിച്ചാണ് ബസ് സ്റ്റോപ്പുകളുടെ നിർമാണം.
750 യാത്രക്കാരുള്ള പ്രധാന ഇടങ്ങൾ, 250 മുതൽ 750 വരെയുള്ള സെക്കൻഡറി സ്റ്റോപ്പുകൾ, 100 മുതൽ 250 വരെ യാത്രക്കാരുള്ള പ്രാഥമിക പ്രദേശങ്ങൾ, പ്രതിദിനം 100 യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടങ്ങൾ എന്നിങ്ങനെയാണ് മേഖല തിരിച്ചിരിക്കുന്നത്.
സ്റ്റോപ്പുകൾക്കുള്ള സർവേയാണ് ആദ്യം പൂർത്തിയാക്കിയത്. യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്നതോടൊപ്പം പരസ്യങ്ങൾ പ്രദർശിപ്പിക്കാനും സൗകര്യമുണ്ടാകും.
ബസ് സമയക്രമവും പൊതുഗതാഗതവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും സ്ക്രീനിൽ കാണാം. പുതിയ സ്റ്റോപ്പുകൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കു കൂടി അനായാസം ബസിലേക്ക് കയറാനും ഇറങ്ങാനും കഴിയും വിധത്തിലാണ് രൂപകൽപന ചെയ്തത്. വീൽചെയറുകൾ ഇവിടെയുണ്ടാകും.
#hot #cold #more #centers #wait #bus #Dubai