മനാമ : (gcc.truevisionnews.com) ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് നില കെട്ടിടം തകർന്ന് വീണ സംഭവത്തിൽ മരണം രണ്ടായി. രക്ഷാ പ്രവർത്തനം നടക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്.
ബഹ്‌റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്. മുഹറഖ് ഗവർണറേറ്റിലെ അറാദിൽ ഇന്നലെ വൈകിട്ട് സീഫ് മാളിന് സമീപമുള്ള ഒരു റസ്റ്റാറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കെട്ടിട ഉടമയെ കൂടുതൽ നിയമനടപടികൾക്കായി വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു.
#youngman #killed #twostory #buildingcollapse #Bahrain #two #deaths