റിയാദ്: (truevisionnews.com) മിനിട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിലേക്ക് റിയാദിൽനിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ് പട്ടണത്തിൽവെച്ചുണ്ടായ അപകടത്തിൽ മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്ബർ (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച ജുമുഅക്ക് തൊട്ടുമുമ്പാണ് സംഭവം. ഓട്ടോ സ്പെയർപാർട്സ് ബിസിനസിലേർപ്പെട്ട റിയാദിലെ അലൂബ് കമ്പനിയുടെ സെയിൽസ്മാനായ അക്ബർ അൽഅഹ്സ മേഖലയിലാണ് ജോലി ചെയ്തിരുന്നത്.
മിനിട്രക്കുമായി റിയാദിൽവന്ന് കമ്പനി ഗോഡൗണിൽനിന്ന് ലോഡുമായി മടങ്ങുമ്പോൾ പഴയ ഖുറൈസ് പട്ടണത്തിൽ വെച്ച് ഹൈവേയിൽനിന്ന് ബ്രാഞ്ച് റോഡിലേക്ക് അപ്രതീക്ഷിതമായി തിരിഞ്ഞ ട്രയിലറിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ അക്ബർ തൽക്ഷണം മരിച്ചു. നാല് മാസം മുമ്പ് സന്ദർശനവിസയിലെത്തിയ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അൽഅഹ്സയിലുണ്ടായിരുന്നു.
അവരെ കമ്പനിയധികൃതർ ശനിയാഴ്ച നാട്ടിലേക്ക് കയറ്റിവിട്ടു. ഭാര്യ: ഫസ്ന പാറശ്ശേരി, മക്കൾ: ഫാതിമ നൈറ (ഒമ്പത്), മുഹമ്മദ് ഹെമിൻ (രണ്ട്). പരേതനായ കാരാട്ടുപറമ്പിൽ ഹസനാണ് പിതാവ്. മാതാവ്: സക്കീന ഉമ്മ, സഹോദരങ്ങൾ: ജാഫർ, റഹ്മാബി. അലൂബ് കമ്പനി മാനേജിങ് ഡയറക്ടറും മലയാളിയുമായ അഷ്റഫ് എറമ്പത്ത് അപകടവിവരമറിഞ്ഞ് അൽഅഹ്സയിലെത്തി അനന്തര നടപടികൾക്ക് നേതൃത്വം നൽകുന്നു.
മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങളുമായി കെ.എം.സി.സി അൽഅഹ്സ ഘടകം ഭാരവാഹി നാസർ കണ്ണൂരും സഹപ്രവർത്തകരും കമ്പനി പ്രതിനിധി നാസർ വണ്ടൂരും ഒപ്പമുണ്ട്.
#Malayali #youth #died #after #being #hit #minitruck #trailer.