മസ്കത്ത് : (gcc.truevisionnews.com) സുൽത്താനേറ്റിന്റെ ആകാശം ഇന്ന് അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കും. ഗോളങ്ങളിലൊന്നായ ശുക്രൻ ഇന്ന് അതിന്റെ പരമാവധി തിളക്കത്തിൽ പ്രത്യക്ഷപ്പെടും.
സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ അതീവ തെളിച്ചത്തോടെ ശുക്രൻ ദൃശ്യമാകുമെന്ന് ഒമാൻ സൊസൈറ്റി ഓഫ് അസ്ട്രോണമി ആൻഡ് സ്പേസിലെ കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് വാസൽ ബിൻത് സലേം അൽ ഹിനായ് അറിയിച്ചു.
സൂര്യനും ചന്ദ്രനും ശേഷം ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഗോളമായാണ് ശുക്രൻ കണക്കാക്കപ്പെടുന്നത്. നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമേറിയ സിറിയസിനേക്കാൾ മുപ്പതിരട്ടിയായി ശുക്രൻ ഇന്ന് പ്രകാശിക്കപ്പെടും.
-4.52 കാന്തിമാനമായിരിക്കും ശുക്രന്റേത്. ഭൂമിയോട് ഏറ്റവും അടുത്ത് കാണപ്പെടുന്നതിനാലാണ് ശുക്രന് കൂടുതൽ തിളക്കം കാണുന്നത്. രാത്രി മുഴുവനും ശുക്രനെ ആകാശത്ത് കാണാൻ കഴിയാറില്ല.
സൂര്യോദയത്തിന് മുൻപോ സൂര്യാസ്തമയത്തിന് ശേഷമോ ആണ് സാധാരണയായി ദൃശ്യമാകുന്നത്. അതുകൊണ്ട് തന്നെ പ്രഭാത നക്ഷത്രം, സായാഹ്ന നക്ഷത്രം എന്നിങ്ങനെയാണ് ഈ ഗോളം അറിയപ്പെടുന്നത്.
മാർച്ച് പകുതി വരെയുള്ള വൈകുന്നേരങ്ങളിൽ ആകാശത്ത് ശുക്രൻ ദൃശ്യമാകും. എന്നാൽ, മാർച്ച് 16ന് അപ്രത്യക്ഷമാകുകയും പിന്നീട് മാസാവസാനം കിഴക്കൻ ചക്രവാളത്തിൽ പ്രഭാത നക്ഷത്രം ആയി വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും.
നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനികൾ വഴിയോ ഈ പ്രതിഭാസം നിരീക്ഷിക്കാമെന്നും വാന നിരീക്ഷകർക്ക് അപൂർവ അവസരമാണ് ഇന്ന് ലഭ്യമാകുന്നതെന്നും വാസൽ അറിയിച്ചു.
#Sultanate's #skies #witness #rare #phenomenon #today.