കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രവാസിക്ക് മൂന്നുവർഷം തടവും 30,000 ദീനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും.
കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു.മുബാറക് അൽ കബീർ ഗവർണറേറ്റിലെ വസതിയിലാണ് കേസിനാസ്പദമായ സംഭവം. പീഡനം, നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, ശരീരത്തിൽ പൊള്ളിച്ച് പരിക്കേൽപ്പിക്കൽ എന്നിവ ഉൾപ്പെടെ കുറ്റമാണ് ചുമത്തിയിരുന്നത്. പിഴതുക നഷ്ടപരിഹാരമായി ഇരക്ക് നൽകും.
പീഡനത്തെ തുടർന്ന് വീട്ടുജോലിക്കാരിക്ക് 25 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു. പ്രതിയുടെ വീട്ടിൽ നാല് വർഷം ജോലി ചെയ്ത ഇവരെ 2021 മുതൽ 2022 തുടക്കം വരെ പ്രതിയുടെ ഭാര്യയുടെ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നു.
ഈ കാലയളവിലാണ് ഗുരുതര ശാരീരിക അതിക്രമങ്ങൾക്ക് വിധേയമായത്. ജോലിക്ക് വേഗതയില്ലെന്ന് പറഞ്ഞ് കൈ, മരക്കമ്പ്, അലൂമിനിയം എന്നിവ കൊണ്ട് അടിച്ചിരുന്നതായി ഇര കോടതിയെ ബോധിപ്പിച്ചു.
മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം നിഷേധിച്ചെന്നും അവർ പറഞ്ഞു. ഒടുവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ ദുരിതം തുടർന്നു. ആശുപത്രിയൽ വെച്ചാണ് അവർ അതിക്രമം തുറന്നുപറഞ്ഞത്. കൈമുട്ട് ഒടിഞ്ഞതുൾപ്പെടെ ഒന്നിലധികം പരിക്കുകൾ അവർക്കുണ്ടായതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു.
#case #torture #domestic #worker #Kuwait #Imprisonment #fine #expatriate