അൽഹസ: (gcc.truevisionnews.com) അൽഹസയിലെ മലയാളി സമൂഹത്തിന് തീരാനോവായി പ്രവാസി മലയാളി യുവാവിന്റെ വേർപാട്. 8 മാസങ്ങൾക്കു മുൻപാണ് വാഹനാപകടത്തിൽ മരിച്ച കായംകുളം ചേരാവള്ളി സ്വദേശി സെറീന മൻസിലിൽ, അലിയാര് കുഞ്ഞ് ആമിന അലിയാർ ദമ്പതികളുടെ മകൻ ആഷിഖ് അലി (28) വിവാഹിതനായത്.
വിവാഹത്തിനു ശേഷം രണ്ടു മാസം നാട്ടിൽ കുടുംബത്തിനൊപ്പമായിരുന്ന ആഷിഖ്. തിരികെ സൗദിയിൽ എത്തിയിട്ട് ആറ് മാസം പിന്നിടുമ്പോഴാണ് മരണം. മൂന്ന് വർഷം മുൻപാണ് ആഷിഖ് അലി സൗദിയിൽ പ്രവാസജീവിതം ആരംഭിക്കുന്നത്.
ആഷിഖിന്റെ ഭാര്യ ആഷ്‌നി അൽഹസയിൽ ജോലി ചെയ്തിരുന്ന മുൻപ്രവാസി പത്തനംതിട്ട സ്വദേശി ഹക്കീമിന്റെയും ഹഫൂഫ് മെറ്റേണിറ്റി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ഷാനിയുടെയും ഏക മകളാണ്.
നിലവിൽ ഫാം ഡി. വിദ്യാർഥിനിയായ ആഷ്നി സ്കൂൾ വിദ്യാഭ്യാസം പൂർത്തീയാക്കിയതും ഹഫൂഫൂലെ മേഡേൺ സ്‌കൂളിലായിരുന്നു. ആഷിഖിന്റെ ഏക സഹോദരി ഡോക്ടർ അഹ്‌ന അലി.
രണ്ടാഴ്ച മുൻപ് സന്ദർശകവീസയിൽ എത്തിച്ചേർന്ന ഭാര്യ പിതാവായ ഹക്കീം ആഷിഖ് അലിക്കൊപ്പം അൽഹസയിലെ താമസസ്ഥലത്ത് താമസിച്ചു വരികയായിരുന്നു. ആഷിഖിന്റെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിലാണ് കുടുംബവും ഒപ്പമുള്ളവരും. അപകട വിവരമറിഞ്ഞ് ഹക്കീമും സുഹൃത്ത് മുഹമ്മദ് റഈസുൽ ഇസ്‌ലാമും ആശുപത്രിയിൽ എത്തിയിരുന്നു.
അൽ ഹസയിലെ കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിൽ ഫദീല റോഡിൽ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. ആഷിഖ് അലി ഓടിച്ചിരുന്ന കാറിൽ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം വന്നിടിക്കുകയായിരുന്നു. ആഷിഖ് അലി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
സൗദി പൗരൻ ആഷിഖിന്റെ തൊഴിലുടമ നാസിർ അൽ മർരിയുടെ ബന്ധുവാണ്. ഗുരുതര പരുക്കേറ്റ അദ്ദേഹം ഹഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ വച്ച് മരിച്ചു. രണ്ടു പേരുടെയും മൃതദേഹം ഹഫൂഫ് കിങ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ആഷിഖിനോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ബംഗ്ലദേശ് സ്വദേശികളിൽ ഒരാളുടെ നിലയും അതീവ ഗുരുതരമാണാന്നാണ് വിവരം. മറ്റൊരാളുടെ കാലിനു ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റു രണ്ടു പേർക്ക് ഗുരുതരമല്ലാത്ത പരുക്കുകളാണുള്ളത്.
കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ(കൃപ)യുടെ പ്രസിഡന്റ് ഇസഹാഖ് ലവ്ഷോറിന്റെ സഹോദരപുതനാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. മുഹമ്മദ് റഈസുൽ ഇസ്‌ലാം, നാസർ മദനി(ഇസ്ലാഹി സെന്റർ, ഹനീഫ മുവാറ്റുപുഴ, ജിന്ന, മുജീബ് കായംകുളം തുടങ്ങിയവർ നിയമനടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്.
റിയാദിൽ നിന്നും ആഷിഖിന്റെ പിതൃസഹോദരനും ദമാമിൽ നിന്നും ബന്ധുമിത്രാദികളും അൽ ഹസയിൽ എത്തിയിട്ടുണ്ട്. തുടർ നടപടികൾക്കായി സഹോദരി ഭർത്താവ് ഖത്തറിൽ നിന്നും എത്തി.
#death #Malayaliyouth #Saudi #Six #months #returned #marriedman #Ashiq