കുവൈത്ത് സിറ്റി: (gcc.truevisionnews.com) ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 64-ാം വാർഷികമാണ് ദേശീയ ദിനമായി ഫെബ്രുവരി 25ന് കുവൈത്ത് കൊണ്ടാടുന്നത്. സദ്ദാം ഹുസൈന്റെ ഇറാഖി പട്ടാളത്തിന്റെ പിടിയിൽ നിന്ന് കുവൈത്ത് മോചിപ്പിക്കപ്പെട്ട ദിനമാണ് ഫെബ്രുവരി 26.
അതിന്റെ സ്മരണയിലാണ് നാളെ രാജ്യം വിമോചന ദിനമായി കൊണ്ടാടുന്നത്. 1991ലാണ് വിമോചനം നേടിയത്. നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. ദീപാലങ്കാരങ്ങളുടെ ശോഭയിലാണ് രാജ്യം.
ഈ മാസം ആദ്യം അമീർ ഷെയഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ് ബയാൻ പാലസിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് വിവിധ ഗവർണറേറ്റ് ആസ്ഥാനങ്ങളിലും അതാത് ഗവർണർമാർ പതാക ഉയർത്തി.
ദേശീയ-വിമോചന ദിനത്തോടനുബന്ധിച്ച് ഇന്നലെ ബയാൻ പാലസിൽ വിപുലമായ രീതിയിൽ പരമ്പരാഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവർ സന്നിഹിതരായിരുന്നു.
അമീറിന് നല്ല ആരോഗ്യവും, രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് കിരീടാവകാശി ആശംസാ സന്ദേശം അയച്ചു. രാജ്യത്തിന്റെ രക്തസാക്ഷികളുടെ സ്മരണയെ ആദരിക്കുകയും കുവൈത്തിന് സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കൊപ്പം കിരീടാവകാശിക്ക് ക്ഷേമം ആശംസിക്കുകയുന്നതായി അമീർ മറുപടി സന്ദേശത്തിൽ വ്യക്തമാക്കി.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അറബ് നേതാക്കളുടെയും സൗഹൃദ രാജ്യങ്ങളുടെയും അഭിനന്ദന സന്ദേശങ്ങളും അമീറിന് ലഭിച്ചു. ഫർവാനിയ ഗവർണറേറ്റിന്റെ കീഴിൽ കഴിഞ്ഞ ദിവസം ജാബിർ സ്റ്റേഡിയത്തിന് സമീപം നടത്തിയ ആഘോഷ പരിപാടികൾക്ക് ഗവർണർ ഷെയ്ഖ് അത്ബി നാസർ അൽ അത്ബി അൽ സബാഹ് നേതൃത്വം നൽകി.
#country #light #lamps #Today #KuwaitNationalDay