---
title: "അഫാന്‍റെ പിതാവ് നാട്ടിൽ വന്നിട്ട് ഏഴ് വർഷം; സാമ്പത്തിക പ്രശ്നവും ഇഖാമ പുതുക്കാത്തതിന്റെ  നിയമക്കുരുക്കും"
english_title: "#Seven #years #since #Afan's #father #came #country #Financial #problem #legal# entanglement #nonrenewal #iqama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272796/seven-years-since-afans-father-came-country-financial-problem-legal-entanglement-nonrenewal-iqama"
published_at: "2025-02-25T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd783f136f7_father_of_afthas.jpg"
keywords: []
---

# അഫാന്‍റെ പിതാവ് നാട്ടിൽ വന്നിട്ട് ഏഴ് വർഷം; സാമ്പത്തിക പ്രശ്നവും ഇഖാമ പുതുക്കാത്തതിന്റെ  നിയമക്കുരുക്കും

> **Lead Summary:** **ദമ്മാം: ** തിരുവന്തപുരം വെഞ്ഞാറ മൂട്ടിൽ കൂട്ടക്കൊല നടത്തിയ 23കാര​ൻ അഫാന്‍റെ പിതാവ് അബ്ദു റഹീം ദമ്മാമിൽ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ മരവിച്ചിരിപ്പാണ് . ഒപ്പം 23 കാരനായ മകന്റെ ക്രൂരതയിലും .

## Article Content

**ദമ്മാം: ** തിരുവന്തപുരം വെഞ്ഞാറ മൂട്ടിൽ കൂട്ടക്കൊല നടത്തിയ 23കാര​ൻ അഫാന്‍റെ പിതാവ് അബ്ദു റഹീം ദമ്മാമിൽ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ മരവിച്ചിരിപ്പാണ് . ഒപ്പം 23 കാരനായ മകന്റെ ക്രൂരതയിലും .

കാൽ നൂറ്റാണ്ടിലേറെയായി പ്രവാസം നൽകിയ ദുരിതക്കയങ്ങളിൽനിന്ന്​ രക്ഷപെടാനുള്ള ആയാസങ്ങൾക്കിടയിലേക്കാണ്​ സർവതും തകർന്നുപോയ വാർത്ത നാട്ടിൽനിന്ന്​ ഇദ്ദേഹത്തെ തേടിയെത്തിയത്​​. ‘‘ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല...’’ -അബ്ദു റഹീമിന്‍റെ വാക്കുകൾ വിതുമ്പി.

വെഞ്ഞാറമൂട്​ സൽമാസ്​ അബ്​ദു റഹീം 25 വർഷമായി റിയാദിലായിരുന്നു. ഒന്നര മാസം മുമ്പാണ് ദമ്മാമിലേക്ക് വന്നത്. റിയാദ് ഷിഫയിലെ മഅ്​റളിനടുത്ത്​ വാഹനങ്ങളുടെ പാർട്​സുകൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു.

കട​ നടത്തിയതിനെത്തുടർന്നുണ്ടായ ബാധ്യതകളിൽനിന്ന്​ രക്ഷപെടാൻ ഒന്നരമാസം മുമ്പ്​ ദമ്മാമിലേക്ക്​ എത്തി പുതിയ ജോലിയിൽ ചേർന്നതാണ്. സാമ്പത്തിക ബാധ്യതകളും ഇഖാമ പുതുക്കാത്തതും സ്​പോൺസറുമായുള്ള തർക്കങ്ങളും ഒക്കെയായി റഹീമിന്റെ പ്രവാസവും ആകെ ദുരിതമയമാണ്.

മൂന്നുവർഷമായി ഇഖാമ പുതുക്കാത്തതിനാൽ നിയമകുരുക്കിലുമായി. ഇതോടെ നാട്ടിൽ പോകാനുള്ള വാതിലുകളുമടഞ്ഞു. ഏഴ് വർഷമായി നാട്​ കണ്ടിട്ട്​.

ഇതിനിടയിൽ ഭാര്യയേയും മക്കളേയും വിസിറ്റ് വിസയിൽ കൊണ്ട് വന്ന് റിയാദിൽ ആറ് മാസം ഒപ്പം നിർത്തിയിരുന്നു. എല്ലാ വിഷമ വൃത്തങ്ങളിൽ നിന്നും പുറത്തുകടക്കണം, കടക്കാർ ബുദ്ധിമുട്ടിക്കാത്ത ഒരു ജീവിതം വേണം. വീടുവിറ്റ്​ കടങ്ങൾ തീർക്കുന്നതുൾപടെയുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ്​ വിധി ജീവിതം അപ്പാടെ തകർത്തെറിഞ്ഞത്​.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് നി​ഗമനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272796/seven-years-since-afans-father-came-country-financial-problem-legal-entanglement-nonrenewal-iqama)