റിയാദ്: വ്രത കാലമായ റമദാൻ മാസത്തിന്റെ ആരംഭം പ്രമാണിച്ച് മദീനയിൽ ഷട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചു. മാർച്ച് ഒന്നിനാണ് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
നോമ്പു കാലത്ത് താമസക്കാർക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രവാചക പള്ളിയിലേക്ക് ദിവസം 18 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് നടത്തും. എന്നാൽ അൽ സലാം, സയ്യിദ് അൽ ഷുഹദ സ്റ്റേഷനുകളിൽ 24 മണിക്കൂർ സേവനവുമുണ്ടാകും.
ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 20 ലക്ഷത്തോളം ആൾക്കാരാണ് മദീന ബസ് സർവീസ് ഉപയോഗപ്പെടുത്തിയത്.
റമദാനിൽ ഇവിടേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നതിനാൽ ബസ് ഫ്ലീറ്റ്, പ്രവർത്തന സമയം, സ്റ്റോപ്പ് പോയിന്റുകൾ എന്നിവ വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
മദീന വികസന അതോറിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണ് ഷട്ടിൽ ബസ് സർവീസുകൾ കൊണ്ടുവന്നത്. ഇത് പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്.
ആകെ 106 സ്റ്റോപ്പിങ് പോയിന്റുകൾ ഉണ്ടായിരിക്കും. മേഖലയിലെ പ്രധാന പള്ളികൾ, ചരിത്രപരമായ സ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റൂട്ടുകളിലൂടെയാകും ബസ് കടന്നുപോവുക.
ഗതാഗതക്കുരുക്ക് കുറച്ചുകൊണ്ട് പള്ളിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനാണ് ഷട്ടിൽ ബസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
#facilitate #traffic #Shuttle #bus #services #started #Madinah