ജുബൈൽ: (gcc.truevisionnews.com) പള്ളിയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണു മരിച്ച തൊടുപുഴ മുതലക്കോടം സ്വദേശി തട്ടുപറമ്പിൽ അൻസാർ ഹസ്സന്റെ (48) മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി.
മയ്യിത്ത് നമസ്കാരം ദമ്മാം സെൻട്രൽ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്കുശേഷം രണ്ടിന് നടക്കും. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയയിലെ ലേബർ ക്യാമ്പിനോട് ചേർന്നുള്ള പള്ളിയിൽ സുബ്ഹി നമസ്കാരത്തിനിടെയാണ് അൻസാർ മരിച്ചത്.
നമസ്കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മുവാസാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊടുന്നനെയുള്ള അൻസാറിന്റെ മരണം സുഹൃത്തുക്കളെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
അൽ സുവൈദി കമ്പനിയുടെ കീഴിൽ അൽ മആദിൻ ഫോസ്ഫേറ്റിൽ ഇലക്ട്രിക്കൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിഭാഗം വളന്റിയർ ഹനീഫ കാസിം ഔദ്യോഗിക നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
ഖോബാർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, സാമൂഹിക പ്രവർത്തകരായ സലീം ആലപ്പുഴ, അൻസാരി നാരിയ, ഷാജി വയനാട് എന്നിവർ സഹായികളായിരുന്നു.
#deadbody #Ansar #who #died #collapsing #during #Namaz #jubail #brought #home #today