മസ്‌കത്ത് : (gcc.truevisionnews.com) റമസാനിൽ ക്രിമിയൻ കോംഗോ ഹെമറേജിക് ഫീവർ (സിസിഎച്ച്എഫ്) എന്ന വൈറൽ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൃഗങ്ങളുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേൽക്കുന്നതിലൂടെയോ രോഗബാധിതരായ മൃഗങ്ങളുടെ രക്തവും കലകളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗം പകരാൻ സാധ്യതയുണ്ട്.
കശാപ്പ് സമയത്തും ശേഷവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള രോഗമാണിത്. റമസാനിൽ കന്നുകാലികളുമായി കൂടുതൽ ഇടപഴകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.
മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ അധികൃതർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം.
ഈ രക്തസ്രാവ വൈറൽ പനി ബാധിച്ചവരിൽ 10 മുതൽ 40 ശതമാനം വരെ പേർ മരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു. ഒരുതരം ചെള്ളിനുള്ളിൽ കാണപ്പെടുന്ന നൈറോവൈറസാണ് ക്രിമിയൻ കോംഗോ ഹെമറേജിക് പനിക്ക് കാരണമാകുന്നത്.
പനി, തലവേദന, പേശി വേദന, ഓക്കാനം, വയറിളക്കം എന്നിവയാണ് ക്രിമിയൻ കോംഗോ ഹെമറേജിക് ഫീവർ പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങൾ. ഗുരുതരമായ കേസുകളിൽ വായിൽ നിന്നോ കണ്ണിൽ നിന്നോ ചെവിയിൽ നിന്നോ രക്തസ്രാവവും ഉണ്ടാകാറുണ്ട്.
മൃഗങ്ങളെ സ്പർശിച്ച ആർക്കെങ്കിലും ഈ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി വൈദ്യസഹായം തേടണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
#Oman #vigilant #against #CrimeanCongofever #Ramadan