ഷാർജ: (gcc.truevisionnews.com) മോട്ടർ ബൈക്ക് ഓടിക്കുമ്പോൾ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി സമയങ്ങളിൽ ബൈക്കിന് മുകളിൽ നിന്നും ഹാൻഡിലിൽ ഇരുന്നുമൊക്കെ യുവാവ് സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.
ഗതാഗത നിയമപ്രകാരം ഇത്തരം നിയമലംഘനങ്ങൾ ശിക്ഷാർഹമാണെന്ന് അധികൃതർ അറിയിച്ചു. ഈ നിയമം അനുസരിച്ച് വാഹനമോടിക്കുന്നയാൾക്ക് 3,000 ദിർഹം വരെ പിഴയും 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും 90 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും ലഭിക്കും. പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിനുള്ള പിഴ 20,000 ദിർഹം വരെയാണ്.
ഈ വർഷം ആദ്യം റോഡുകളിൽ ഡ്രൈവർമാർ അഭ്യാസങ്ങൾ നടത്തിയതിന് ഷാർജ പൊലീസ് 19 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.
ഫെബ്രുവരിയിൽ നടന്ന ഈ നിയമലംഘനങ്ങളിൽ ഡ്രൈവർമാരുടെയും മറ്റ് വാഹനമോടിക്കുന്നവരുടെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിക്കുക, ലൈസൻസ് പ്ലേറ്റുകൾ ഇല്ലാതെ വാഹനമോടിക്കുക, വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റുകൾ മറയ്ക്കുക, ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിക്കുക എന്നിവ ഉൾപ്പെടുന്നു.
#Youngman #arrested #Sharjah #practicing #while #riding #motorbike