മസ്കത്ത്: (gcc.truevisionnews.com) കണ്ണൂരിൽനിന്ന് മസ്കത്തിലേക്കും ഇവിടെനിന്ന് കണ്ണൂരിലേക്കുമുള്ള ഇൻഡിഗോയുടെ നേരിട്ടുള്ള സർവിസുകൾ മേയ് 15 മുതൽ ആരംഭിക്കും. നേരത്തേ ഈ സർവിസുകൾ ഈ മാസം 21 മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ തീയതി പിന്നീട് മാറ്റുകയായിരുന്നു. സർവിസുകൾ ആരംഭിക്കുന്നത് ഇനിയും വൈകുമോ എന്നതും വ്യക്തമല്ല. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇൻഡിഗോ മസ്കത്ത് കണ്ണൂർ സർവിസ് ഉണ്ടാവുക.
കണ്ണൂരിൽനിന്ന് അർധ രാത്രി 12.40 ന് പുറപ്പെട്ട് പുലർച്ച 2.35 നാണ് വിമാനം മസ്കത്തിലെത്തുക. മസ്കത്തിൽനിന്ന് പുലർച്ചെ 3.35 ന് പുറപ്പെട്ട് കാലത്ത് 8.30ന് കണ്ണൂരിലെത്തും.
അതിനിടെ കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവിസുകൾ വർധിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏഴ് സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം തിരുവനന്തപുരം വഴി കണ്ണൂരിലേക്കും സർവിസുകൾ നടത്തുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മസ്കത്തിൽനിന്ന് ഉച്ചക്ക് 12.15 ന് പുറപ്പെട്ട് വൈകുന്നേരം 5.10ന് കണ്ണൂരിലെത്തും. ശനിയാഴ്ച ഉച്ചക്ക് 12.35 ന് പുറപ്പെട്ട് വൈകുന്നേരം 5.30 ന് കണ്ണൂരിലെത്തും. ഞായറാഴ്ച രാവിലെ 10.30ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ച തിരിഞ്ഞ് 3.25 കണ്ണൂരിലെത്തും.
കണ്ണൂരിൽനിന്ന് തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കാലത്ത് 9.15 ന് വിമാനം പുറപ്പെട്ട് 11.15 ന് മസ്കത്തിലെത്തും. ശനിയാഴ്ച രാവിലെ 9.35 ന് പുറപ്പെട്ട് 11.35 നാണ് മസ്കത്തിലെത്തുന്നത്. ഞായറാഴ്ച കാലത്ത് 7.30 പുറപ്പെട്ട് 9.30 ന് മസ്കത്തിലെത്തും. മസ്കത്തിലെ ഉത്തര മലബാറുകാരുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ ഒരു വിധം ഈ സർവിസുകൾ സഹായകമാവും. കാസർകോട്, കണ്ണൂർ ജില്ലക്കൊപ്പം കോഴിക്കോട് ജില്ലയുടെ വടക്കെ അറ്റത്തുള്ളവരും വയനാട് ജില്ലയുടെ നിരവധി ഭാഗങ്ങളിലുള്ളവരും കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്. കൂടാതെ കർണാടകയുടെ അതിർത്തി പ്രദേശത്തുള്ളവർക്കും കണ്ണൂർ വിമാനത്താവളം ഏറെ സ്വീകര്യമാണ്. സർവിസുകൾ വർധിക്കുന്നതോടെ നിരക്കുകൾ കുറയുകയും അതുവഴി കൂടുതൽ യാത്രക്കാർ കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുകയും ചെയ്യുമെന്നാണ് കണ്ണൂർ യാത്രക്കാർ പറയുന്നത്.
Ready to fly IndiGo service Kannur Muscat from May