ദുബായ്: (gcc.truevisionnews.com) യുഎഇയിൽ ചൂടു കൂടിവന്നതോടെ എയർകണ്ടീഷണർ, റഫ്രിജറേറ്റർ റിപയറിങ് മേഖല ഉണർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ബിസിനസിൽ നേരിയ പുരോഗതിയുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ പറഞ്ഞു.
അതേസമയം, എസിയിൽ നിറയ്ക്കാനുള്ള ഗ്യാസ് അടക്കമുള്ളവയ്ക്ക് വില കൂടിയതിനാൽ വലിയ ലാഭമില്ലാതെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകേണ്ടിവരുന്നതായും പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും വലിയ ബിസിനസ് വിപണിയാണ് എസി, ഫ്രിജ് റിപയറിങ് സർവീസ് മേഖല.
എയർകണ്ടീഷണറുകളുടെ റിപയറിങ്, സർവീസ്, പുതിയവ ഫിറ്റ് ചെയ്യൽ തുടങ്ങിയ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം കൂടുതലും നടക്കുന്നത് വേനൽക്കാലത്താണ്. മലയാളികൾ പ്രധാനമായും സ്പ്ലിറ്റ്, സെൻട്രൽ എസി സർവീസാണ് ഏറ്റെടുക്കാറ്. വിൻഡോ എസി സർവീസ് മുഖ്യമായും പാക്കിസ്ഥാനികളുടെ മേഖലയാണ്.
വലിയ ഭാരമുള്ള വിൻഡോ എസി എടുക്കാനും സർവീസിന് ശേഷം പുനഃസ്ഥാപിക്കാനും നല്ല ആരോഗ്യമുള്ള പാക്കിസ്ഥാനികളാണ് മുന്നിട്ടുനിൽക്കുന്നത് എന്നതിനാൽ മലയാളികൾ അതിൽ കൈവയ്ക്കാറില്ല. വേനലിന്റെ തുടക്കത്തിൽ തന്നെ കെട്ടിട ഉടമകൾ എല്ലാം തന്നെ എസി സർവീസ്, അറ്റകുറ്റപ്പണികൾ ചെയ്തുവയ്ക്കാൻ മുന്നോട്ടുവരുന്നു.
കടുത്ത ചൂടിൽ എസിയും റഫ്രിജറേറ്ററുകളും കേടാവാകാനുള്ള സാഹചര്യം കൂടുതലായതു കൊണ്ടുതന്നെ റിപയറിങ് കൂടുതലും വരുന്നത് വേനൽക്കാലത്താണ്.
Heat wave Wake AC refrigerator repair sector UAE