---
title: "ഹൃദയാഘാതത്തെ തുടർന്ന് മരണം; രണ്ടു മാസത്തിന് ശേഷം സൗദിയിൽ നിന്ന് മൃതദേഹം നാട്ടിലേക്ക്"
english_title: "Death due heart attack Body returned home from Saudi Arabia after two months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287042/death-due-heart-attack-body-returned-home-from-saudi-arabia-after-two-months"
published_at: "2025-04-30T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68123ae530c4e_fdgd.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് മരണം; രണ്ടു മാസത്തിന് ശേഷം സൗദിയിൽ നിന്ന് മൃതദേഹം നാട്ടിലേക്ക്

> **Lead Summary:** **ജിസാൻ : [** 77 ദിവസത്തിന് ശേഷം തമിഴ്നാട് സ്വദേശി മുനിയപ്പയുടെ മൃതദേഹം നാട്ടിലേക്ക്. മത്സ്യബന്ധനത്തിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ച തമിഴ്‌നാട് ഗൂഡല്ലൂർ പുതുക്കുപ്പം പുതുപ്പേട്ട സ്വദേശി മുനിയപ്പൻ അയ്യനുവിന്റെ മൃതദേഹം ജിദ്ദയിൽനിന്ന് ചെന്നൈയിലേക്കയച്ചു.

## Article Content

**ജിസാൻ : [** 77 ദിവസത്തിന് ശേഷം തമിഴ്നാട് സ്വദേശി മുനിയപ്പയുടെ മൃതദേഹം നാട്ടിലേക്ക്. മത്സ്യബന്ധനത്തിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ച തമിഴ്‌നാട് ഗൂഡല്ലൂർ പുതുക്കുപ്പം പുതുപ്പേട്ട സ്വദേശി മുനിയപ്പൻ അയ്യനുവിന്റെ മൃതദേഹം ജിദ്ദയിൽനിന്ന് ചെന്നൈയിലേക്കയച്ചു.

നാളെയാണ് മൃതദേഹം എമിറേറ്റ്സ് വിമാനത്തിൽ ചെന്നൈയിൽ എത്തുക. വ്യാഴാഴ്‌ച വൈകുന്നേരം സ്വദേശമായ പുതുപ്പേട്ടയിൽ സംസ്‌കരിക്കും. കഴിഞ്ഞ 33 വർഷമായി ജിസാൻ ഫിഷിങ് ഹാർബറിൽ ബഹറിയ ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു മുനിയപ്പ.

ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉടൻ തന്നെ ജിസാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഡെത്ത് നോട്ടിഫിക്കേഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല.

തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ നീണ്ടതാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകാൻ കാരണമായത്. രണ്ടു ദിവസം മുൻപാണ് ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് പൊലീസിന് ലഭിച്ചത്. ജിസാനിലെ കലാ സാംസ്കാരിക സംഘടനയായ ജലയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്.

കേന്ദ്രകമ്മിറ്റി ഭാരവാഹിളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, അനീഷ് നായർ, യൂണിറ്റ് ഭാരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്ത് തുടങ്ങിയവരാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. നീലഗിരി ജില്ലയിലെ ഗുഡല്ലൂർ പുതുപ്പേട്ട അയ്യനുവിന്റെയും രമയി അമ്മാളിന്റെയും മകനാണ്. ഭാര്യ: ചിത്ര. മക്കൾ: ലില്ലി, ജിനിത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287042/death-due-heart-attack-body-returned-home-from-saudi-arabia-after-two-months)