മസ്‌കത്ത്: (truevisionnews.com) റോയൽ നേവി ഓഫ് ഒമാന്റെ കപ്പലായ ശബാബ് ഒമാൻ ടുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രക്ക് തുടക്കമായി. 'ഗ്ലോറീസ് ഓഫ് ദി സീസ്' എന്ന പേരിലുള്ള യാത്രയിൽ, ശബാബ് ഒമാൻ 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ലോകജനതക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഞ്ചാരം.
ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ കപ്പൽ. 'ഗ്ലോറീസ് ഓഫ് ദി സീസ്' എന്ന പേരിൽ നടത്തുന്ന ഏഴാമത്തെ അന്താരാഷട്ര യാത്രക്ക് സഈദ് ബിൻ സുൽത്താൻ നാവിക താവളത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിന് സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽമാലിക് ബിൻ അബ്ദുല്ല അൽ ഖലീലി നേതൃത്വം നൽകി.
യാത്രയിൽ, ശബാബ് ഒമാൻ ടു 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്‌സ് റേസുകൾ എന്നിവക്കൊപ്പം മറ്റ് സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.
ആറ് മാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികം കപ്പൽ യാത്ര ചെയ്യും. സുൽത്താന്റെ സായുധ സേന, മറ്റ് സൈനിക, സുരക്ഷാ സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്‌കൗട്ട്‌സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ട്. ഒമാന്റെ സൗഹൃദം, സ്‌നേഹം, ഐക്യം എന്നീ സന്ദേശം ലോകത്തിന് എത്തിക്കാനും യാത്ര സഹായിക്കും. ഒമാനി സംസ്‌കാരം ഓരോ സ്റ്റോപ്പിലും പരിചയപ്പെടുത്തും. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്ര ചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവ പ്രദർശിപ്പിക്കും.
Royal Navy Oman's ship Shabab Oman begun seventh international voyage.