അബുദാബി: (gcc.truevisionnews.com) അബുദാബിയില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സ് വിമാനം ഇവൈ551 വഴിതിരിച്ചുവിട്ടു. സൗദി അറേബ്യയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് റിയാദില്‍ ഇറങ്ങേണ്ട വിമാനം ബഹ്റൈനിലേക്ക് വഴിതിരിച്ചു വിട്ടത്.
തിങ്കളാഴ്ച അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചു വിട്ടതായി ഇത്തിഹാദ് അറിയിച്ചു.
യാത്രാ തടസ്സം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തുടര്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തങ്ങളുടെ ടീം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും സുഖസൗകര്യവുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മേഖലയില്‍ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. സൗദി അറേബ്യയില്‍ മിതമായതോ കനത്ത മഴയോ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും പ്രവചിച്ചിട്ടുണ്ട്.
ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക മേഖലകളിലാണ് അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നത്. അതേസമയം റിയാദ്, ഖസീം, ഹായില്‍, കിഴക്ക്-വടക്ക് അതിര്‍ത്തികള്‍, അല്‍ ജൗഫ് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
Etihad flight from Abu Dhabi diverted airline says adverse weather prevented flight