ദുബായ്: ദുബായിൽ തിയറ്ററിൽ കളഞ്ഞുകിട്ടിയ 17,000 ദിർഹം (ഏകദേശം 4 ലക്ഷത്തോളം രൂപ) തിരിച്ചുനൽകിയ എട്ടുവയസ്സുകാരിയെ ആദരിച്ച് ദുബായ് പൊലീസ്. ഈജിപ്ത് സ്വദേശിയായ ലിലി ജമാൽ റമദാനെയാണ് പൊലീസ് ആദരിച്ചത്. സിനിമ കാണാൻ ടിക്കറ്റുകൾ വാങ്ങാൻ പോയ മാതാപിതാക്കളെ ലിലി കൗണ്ടറിനടുത്ത് കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് പണം വീണ് കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ മാതാപിതാക്കളെ വിവരം അറിയിച്ചു. നോക്കിയപ്പോൾ വലിയ തുകയാണെന്ന് മനസ്സിലായി. ഉടൻ തന്നെ പണമെടുത്ത് കുടുംബത്തോടൊപ്പം അൽ റാഷിദിയ പൊലീസ് സ്റ്റേഷനിൽ ചെന്നു. അതേസമയം, പണത്തിന്റെ ഉടമ സ്റ്റേഷനിൽ അതു നഷ്ടപ്പെട്ടതായി അറിയിക്കാൻ എത്തിയിരുന്നു. ലിലിയുടെ സത്യസന്ധതയും എളിമയും മറ്റുള്ളവർക്ക് മാതൃകയാണെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ അന്വേഷണ വിഭാഗത്തിലെ അസിസ്റ്റന്റ് കമാൻഡർ, മേജർ ജനറൽ എക്സ്പർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂറി എന്നിവർ ചേർന്ന് ലിലിയെ ആദരിച്ചു.
Dubai Police honours eight year old girl returned 4 lakh lost theatre