മസ്കറ്റ്: (gcc.truevisionnews.com) ഒമാനില്‍ റെസിഡൻസ് പെർമിറ്റിന്‍റെയോ തൊഴിൽ വിസയുടെയോ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്നവർക്ക് പിഴയൊന്നുമില്ലാതെ അത് പുതുക്കാനും, അതല്ലെങ്കിൽ പിഴയില്ലാതെ രാജ്യം വിടാനും അനുമതി നൽകി തൊഴിൽ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം.
ഈ തീരുമാനത്തെ പിന്തുണച്ച് പ്രവർത്തിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസും സ്ഥിരീകരിച്ചു. മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള പ്രത്യേക കാറ്റഗറികള്‍ക്ക് കീഴില്‍ വരുന്നവര്‍ക്കാണ് ഈ പിഴ ഇളവ് ആനുകൂല്യം ലഭിക്കുക.
പ്രധാനമായും രണ്ട് കേസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക. റെസിഡന്‍സി പുതുക്കാനോ രാജ്യത്തിനകത്ത് തന്നെ തൊഴില്‍ മാറ്റത്തിനോ ശ്രമിക്കുന്ന വിദേശികള്‍ക്ക്, കാലഹരണപ്പെട്ട തൊഴിൽ വിസ അല്ലെങ്കില്‍ റെസിഡന്‍സി കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പിഴകളും ഒഴിവാക്കി നല്‍കും.
തൊഴില്‍ മന്ത്രാലയം അവരുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമാണ് ഈ ആനുകൂല്യത്തിന് യോഗ്യത തീരുമാനിക്കുക. രണ്ടാമത്തെ കേസില്‍, സ്ഥിരമായി ഒമാന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇളവ് ലഭിക്കും.
ഇവര്‍ രാജ്യത്ത് നിന്ന് സ്ഥിരമായി പോകാന്‍ ഒരുങ്ങുകയാണെങ്കില്‍ അവരുടെ പേരില്‍ കാലഹരണപ്പെട്ട നോൺ വര്‍ക്ക് വിസയുമായി ബന്ധപ്പെട്ടുള്ള എല്ലാ പിഴകളും ഒഴിവാക്കും. ഇതിനായുള്ള അപേക്ഷകളില്‍ തടസ്സരഹിതമായും സമയബന്ധിതമായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ആവശ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉറപ്പാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
Good news for expatriates fines and financial obligations waived Royal Oman Police provides explanation