മക്ക : ഹജ് തീർഥാടനത്തിന് മുന്നോടിയായി തയാറെടുപ്പുകൾ പൂർത്തിയാക്കി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം. തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന് കര, നാവിക, വ്യോമ ഗതാഗത മേഖലകളുടെ ഏകോപനവും സംയോജനവും ഉറപ്പാക്കി.
പ്രാദേശിക, രാജ്യാന്തര തീർഥാടകർക്കായി ചാർട്ടേഡ്, ഷെഡ്യൂൾ വിമാനങ്ങളിലായി 30 ലക്ഷത്തിലേറെ സീറ്റുകൾ അനുവദിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) അറിയിച്ചു. വിമാനത്താവളങ്ങൾ, മെട്രോ-ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഊർജിതമാക്കി. സേവനത്തിനായി 18,000ത്തിലധികം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള തീർഥാടകർക്ക് സേവനം നൽകുന്നതിനായി 10 ലക്ഷത്തിലധികം സീറ്റുകളും 2,000 വിമാനങ്ങളുമായി സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) സന്നദ്ധത അറിയിച്ചു. 15 രാജ്യങ്ങളിൽനിന്ന് 294 വിമാനങ്ങളിലായി 1.2 ലക്ഷം തീർഥാടകരെ എത്തിക്കാൻ ഫ്ലൈ നാസ് സജ്ജമായി. കൂടാതെ 25,000 ബസുകളും 9,000 ടാക്സികളും തയാറാക്കി. മക്ക, മദീന പ്രവേശന കവാടങ്ങളിൽ 20 സ്ഥലങ്ങളിലായി 180 ഓപറേഷൻ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.
7,400 കിലോമീറ്ററിലധികം റോഡുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിൽനിന്ന് 20 ലക്ഷത്തിലേറെ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി മശാഇർ മെട്രോ സജ്ജമാണ്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ 35 ഇലക്ട്രിക് ട്രെയിനുകളുമായി പ്രവർത്തിക്കുന്ന ഹറമൈൻ അതിവേഗ റെയിൽ വേ, ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളവുമായി ബന്ധപ്പെട്ട ട്രെയിൻ സ്റ്റേഷനുകളിലൊന്നായ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട് സ്റ്റേഷൻ ഉൾപ്പെടെ മൂന്ന് സ്റ്റേഷനുകൾ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയിൽ യാത്രക്കാരെ എത്തിക്കും. ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ 436 ജീവനക്കാരെ വിന്യസിച്ച് കടൽ വഴി എത്തുന്ന 5,000 തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
saudiarabia completes preparations ahead hajj pilgrimage