മക്ക: (gcc.truevisionnews.com) ഹജ് തീർഥാടകർക്കു കടുത്ത ചൂടിനെ അതിജീവിക്കാനുള്ള ടിപ്സ് ആൻഡ് ട്രിക്സുമായി സൗദി ആരോഗ്യമന്ത്രാലയം 8 ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി. അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, ഇന്തൊനീഷ്യൻ, മലായ്, ടർക്കിഷ് ഭാഷകളിലാണു മാർഗനിർദേശ കിറ്റ് ഇറക്കിയത്.
ലഘുലേഖ, വിഡിയോ, സമൂഹമാധ്യമ പോസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നതാണു കിറ്റ്. കടുത്ത ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളാണു പ്രധാനമായും ഉൾപ്പെടുത്തിയത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതു തടയാൻ കുട ഉപയോഗിക്കണമെന്നും നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.
മെനിഞ്ചൈറ്റിസ്, കോവിഡ് -19, പോളിയോമൈലിറ്റിസ്, മഞ്ഞപ്പിത്തം, ഡിഫ്ത്തീരിയ ടെറ്റനസ്, വില്ലൻ ചുമ, പോളിയോ, അഞ്ചാംപനി, ചിക്കൻപോക്സ്, മംപ്സ് എന്നിവയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു എടുത്തിട്ടുണ്ടെന്നു തീർഥാടകർ ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ രോഗാവസ്ഥ വ്യക്തമാക്കുന്ന ഡോക്ടറുടെ കുറിപ്പടിയും അത്യാവശ്യത്തിനുള്ള മരുന്നും കരുതണം.
Extreme heat Health awareness kit for pilgrims