ദുബൈ: (gcc.truevisionnews.com) കുറ്റാന്വേഷണ മേഖലയിൽ സഹകരണത്തിന് വിവിധ ആഗോള സംവിധാനങ്ങളുമായി കരാറിലെത്തി ദുബൈ പൊലീസ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയാണ് പ്രമുഖ ആഗോള, പ്രാദേശിക സാങ്കേതിക കമ്പനികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും എട്ട് പ്രത്യേക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിരിക്കുന്നത്.
ഫോറൻസിക് സയൻസ്, ക്രിമിനൽ ഗവേഷണം, കൃത്രിമബുദ്ധി ആപ്ലിക്കേഷനുകൾ, ശാസ്ത്രീയ നവീകരണം എന്നിവയിലെ സഹകരണം വർധിപ്പിക്കുക എന്നതാണ് കരാറുകളുടെ ലക്ഷ്യം. ‘പൊലീസിങിന്റെ വരുംകാലം സങ്കൽപ്പിക്കുക’ എന്ന പ്രമേയത്തിൽ നടന്ന ലോക പൊലീസ് ഉച്ചകോടിയിലാണ് ധാരണാപത്രങ്ങൾ ഒപ്പുവച്ചത്. വിദ്യാർത്ഥി ഗവേഷണ പദ്ധതികളിലും അക്കാദമിക് സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബൈ, ഫോറൻസിക് സയൻസിലെ സംയുക്ത ഗവേഷണ സംരംഭങ്ങൾക്കായി യൂറോപ്യൻ ഫോറൻസിക്സ് ഇൻസ്റ്റിറ്റ്യൂട്ട്, ബയോമെട്രിക് ഫിങ്കർപ്രിന്റ് സാങ്കേതികവിദ്യകളുടെ മേഖലയിൽ ആക്സിസ് കമ്മ്യൂണിക്കേഷൻസ്, നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി ഫോറൻസിക് വിഷ്വൽ വിശകലനത്തിന് ഗ്രാമടെക്, മൊബൈൽ മാൽവെയർ അന്വേഷണങ്ങളെ സഹായിക്കാൻ സോഫ്റ്റ്വെയർ കമ്പനിയായ ജെ.എ.എം.എഫ്, ഡിജിറ്റൽ വോയ്സ് ഫോറൻസിക്സിൽ വൈദഗ്ധ്യം വികസിപ്പിക്കാൻ സ്പീച്ച് ടെക്നോളജി സെന്റർ ലിമിറ്റഡ്, നൂതന ഡി.എൻ.എ വിശകലന സാങ്കേതികവിദ്യകൾക്കായി എം.ജി.ഐ ടെക്, എഫ്.ജി.ഐ ഫോറൻസിക് ജീനോമിക്സ് ഇന്റർനാഷണൽ എന്നിങ്ങനെയാണ് വിവിധ സ്ഥാപനങ്ങളുമായി കരാറിലെത്തിയിരിക്കുന്നത്.
ഫോറൻസിക് സയൻസ്, ക്രിമിനോളജി, എ.ഐ അധിഷ്ഠിത ഫോറൻസിക് ആപ്ലിക്കേഷനുകൾ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ സ്ഥാപനങ്ങളുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ദുബൈ പൊലീസിന്റെ ശ്രമങ്ങളെയാണ് ഈ കരാറുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ജനറൽ വകുപ്പ് ഡയറക്ടർ മേജർ ജനറൽ അഹമ്മദ് ഥാനി ബിൻ ഗാലിത പറഞ്ഞു. ഫോറൻസിക് കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് ശാസ്ത്രീയ ഗവേഷണം, നവീകരണം, നൂതന സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തി മുന്നേറാനുള്ള തന്ത്രപരമായ നീക്കമാണ് ഈ സഹകരണങ്ങൾ പ്രതിനിധീകരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ദുബൈ പൊലീസിന്റെ ദീർഘവീക്ഷണത്തെയും ക്രിമിനൽ അന്വേഷണത്തിലും ഫോറൻസിക് ഗവേഷണത്തിലുമുള്ള മികവിനെയും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
New methods crime investigation in Dubai signed in the memorandum of understanding