മസ്കത്ത്: (gcc.truevisionnews.com) ബൗഷറിലെ റസ്റ്റാറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച ദമ്പതികൾ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്നവർ. കണ്ണൂർ കൂത്തുപറമ്പ് ആറാംമൈൽ സ്വദേശികളായ പങ്കജാക്ഷൻ, ഭാര്യ സജിത എന്നിവരുടെ മരണം അടുത്തറിയുന്നവർക്കും ബന്ധുക്കൾക്കും തീരാ വേദനയായി.
കഴിഞ്ഞ വർഷം നാട്ടിലേക്ക് പ്രവാസം മതിയാക്കിപ്പോയ ഈ ദമ്പതികൾ ഒരു വർഷം കൂടി ഒമാനിൽ നിൽക്കാമെന്ന് കരുതി തിരിച്ചുവരുകയായിരുന്നു. താഴത്തെനിലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണ് ഇരുവരും താമസിച്ചിരുന്ന കെട്ടിടം തകർന്ന് ദാരുണമായ സംഭവം നടക്കുന്നത്.
ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. തികച്ചും അപ്രതീക്ഷിതമായിരുന്നു സംഭവം. പകൽ സമയത്തോ ആളുകൾ പുറത്തിറങ്ങുന്ന സമയത്തോ ആയിരുന്നു അപകടം സംഭവിച്ചിരുന്നതെങ്കിൽ അപകടത്തിന്റെ തോത് വർധിക്കുമായിരുന്നു. പൊട്ടിത്തെറിയുടെ അഘാതത്തിൽ ഭാഗികമായി തകർന്നത് കാരണം കെട്ടിടത്തിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്.
വെയിൽ കനക്കുകയും അന്തരീക്ഷ ഊഷ്മാവ് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഗ്യാസ് സിലിണ്ടറും മറ്റും ഉപയോഗിക്കുന്നതിന് മാർഗ്ഗ നിദേശങ്ങളും നൽകിയിട്ടുണ്ട്. കടുത്ത ചൂടിൽ ഷോട് സർക്യട്ട് മൂലം തീപിടിത്ത മുണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.
അതിനാൽ സ്വദേശികളും താാമസക്കാരും ചൂട് കാലത്ത് നല്ല ജാഗ്രതയാണ് പാലിക്കേണ്ടത്. ചൂട് കാലം ആരംഭിച്ചതോടെ ഒമാന്റെ പല ഭാഗങ്ങളിൽ നിരവധി തീ പിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്.വരും ആഴ്ചകളിൽ ചൂട് ഇനിയും വർധിക്കാനാണ് സാധ്യത. ഇതാടെ തീപിടുത്ത സംഭവങ്ങളും ഉയരും. അതിനാൽ തീപിടുത്തം ഉണ്ടാവാൻ സാധ്യതയുളള കാരണങ്ങൾ കണ്ടെത്തുകയും പ്രതിവിധികൾ ചെയ്യുകയും വേണ്ടതുണ്ട്.
ഗ്യാസ് സിലിണ്ടർ അടക്കമുള്ളവ സൂക്ഷിക്കേണ്ട രീതിയും മറ്റും വ്യക്തമായി നിർദേശിക്കുന്നുമുണ്ട്. ഇത്തരം നിമയമങ്ങളും നിർദ്ദേശങ്ങളും കർശനമായി നടപ്പാക്കിയില്ലെങ്കിലും അപകടങ്ങളും ദുരന്തങ്ങളും ഇനിയും ആവർത്തിക്കും.
പാചകവാതക സിലിണ്ടറുകള്‍; വേണം ജാഗ്രത
പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോൾ ജഗ്രതപാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു . ചെറിയ അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
സിലിണ്ടറുമായി സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന റബര്‍ ട്യൂബ്, വാല്‍വ് തുടങ്ങിയവ ചില ഇടവേളകളിൽ പരിശോധിക്കുകയും വാതകച്ചോര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. സിലിണ്ടറുകള്‍ അടുക്കളയില്‍ വെച്ചുള്ള പാചകം അപകടങ്ങള്‍ക്ക് വഴിയൊരുക്കും.
സിലണ്ടര്‍ പുറത്തുവെച്ച് വായുസഞ്ചാരം ഉറപ്പാക്കണം. ഉരുണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ സിലിണ്ടര്‍ ചെരിച്ചിടരുത്. കത്തുന്ന വിളക്കോ തീപിടിക്കാന്‍ സാധ്യതയുള്ളവയോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം സിലിണ്ടര്‍ ഫിറ്റ് ചെയ്യുക. തീയോ തീപ്പൊരിയോ ഉണ്ടാകാവുന്ന സ്ഥലങ്ങളില്‍നിന്നും സിലിണ്ടര്‍ മാറ്റി വെക്കുക.
ഉപയോഗിക്കാത്ത നോബുകള്‍ ഓഫ് ആണെന്ന് ഉറപ്പാക്കണം. പാചകം കഴിഞ്ഞാല്‍ ഗ്യാസ് റെഗുലേറ്റര്‍ അടയ്ക്കണം. ഒന്നിലേറെ സിലിണ്ടറുകള്‍ ചൂടുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. തീപിടിത്ത സാധ്യതയുള്ള ഉൽപന്നങ്ങള്, വൈദ്യുത സ്വിച്ചുകള്‍ തുടങ്ങിയവക്കു സമീപം സിലിണ്ടര്‍ വെക്കരുത്.
ഒരു സിലിണ്ടറില്‍നിന്ന് കൂടുതല്‍ ട്യൂബുകള്‍ ഘടിപ്പിക്കരുത്. മുറുകാത്ത റെഗുലേറ്ററോ പൈപ്പോ സ്ഥാപിക്കരുത് അംഗീകൃത കമ്പനികളില്‍നിന്നും ഏജന്‍സികളില്‍ നിന്നും മാത്രം ഗ്യാസ് സിലിണ്ടര്‍ വാങ്ങുക.
Gas cylinder accident Pangajakshan wife Sajitha who were returning home after giving up their expatriate life died