ഖോർഫക്കാൻ: (gcc.truevisionnews.com) എണ്ണ ചോർച്ചയെ തുടർന്ന് ഖോർഫക്കാൻ ബീച്ചിലെ നീന്തൽ താൽക്കാലികമായി നിർത്തിയതായി മുൻസിപ്പാലിറ്റി അറിയിച്ചു. സന്ദർശകർക്കായുള്ള സുരക്ഷാ മുൻകരുതലുകളെ തുടർന്നാണ് അൽ സുബാറ ബീച്ചിൽ നീന്താനിറങ്ങുന്നത് താത്കാലികമായി അധികൃതർ വിലക്കിയത്. എണ്ണ ചോർച്ചയുണ്ടായ സ്ഥലമോ കാരണമോ വ്യക്തമായിട്ടില്ല.
2020ലും ഖോർഫക്കാനിലെ രണ്ട് ബീച്ചുകളിൽ എണ്ണ ചോർച്ചയുണ്ടായിരുന്നു. പിന്നീട് ഇവ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അൽ ലുലയ്യ, അൽ സുബാറ എന്നീ ബീച്ചുകളിലാണ് അന്ന് ചോർച്ചയുണ്ടായത്. കഴിഞ്ഞ വർഷം ഫുജൈറയിലെ സ്നൂപ്പി ദ്വീപിനടുത്തുള്ള ഒരു കടൽത്തീരത്തും എണ്ണ ചോർച്ചയുണ്ടായിരുന്നു. സമീപത്തുള്ള ഹോട്ടലുകൾ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
തുടർച്ചയായി എണ്ണ ചോർച്ച ഉണ്ടാകുന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ അധികൃതർ ഉത്തരവാദികളായവർക്ക് താക്കീത് നൽകിയിരുന്നു. പ്രകൃതിവിഭവങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ എണ്ണ ചോർച്ചയുണ്ടാകുന്നത് ആവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. അതിന് ശേഷമാണ് വീണ്ടും ഖോർഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ച ഉണ്ടായത്.
Oil spill Authorities advise against swimming Khorfakkan beach